എല്ലാവർക്കും എന്റെ പണം വേണമായിരുന്നു... അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല; കഴിഞ്ഞ എട്ടു വർഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്- രേഖ രതീഷ്

മലയാളത്തിലെ സീരിയല്‍ നടിമാരില്‍ പ്രമുഖയാണ് രേഖ രതീഷ്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പരസ്പരത്തിലെ പത്മാവതി എന്ന് പറഞ്ഞാല്‍ ആളുകള്‍ വേഗം അറിയും. കുറച്ച് വില്ലത്തരങ്ങളിലൂടെയാണെങ്കിലും രേഖയുടെ സ്നേഹം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്കാണ് എത്തിയത്. ഇപ്പോഴിതാ തന്റെ സങ്കടങ്ങളും സന്തോഷവും ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം.
അമ്മയുടെ കൂടെ എന്നെ കണ്ടാണ് ‘ഉന്നൈ നാൻ സന്തിത്തേനി’ൽ അവസരം കിട്ടിയത്. പക്ഷേ, ഞാൻ നടിയാകുന്നതിനോട് അച്ഛന് താൽപര്യമുണ്ടായിരുന്നില്ല. കുട്ടിയായതു കൊണ്ടു മാത്രമാണ് സമ്മതിച്ചത്. അച്ഛനോടായിരുന്നു എനിക്ക് കൂടുതൽ അടുപ്പം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും ഡിവോഴ്സ് ആയി. അതോടെ ഞാൻ അച്ഛന്റെ കൂടെയായി. രണ്ടു പേരും പിന്നീട് വിവാഹം കഴിച്ചില്ലെങ്കിലും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇപ്പോൾ രണ്ടാളും ഇല്ല, മരിച്ചു പോയി’’
പഠിക്കുന്ന കാലത്താണ് വീണ്ടും അഭിനയിക്കുന്നത്. 14 –ാം വയസ്സിൽ, ശ്രീവൽസൻ സാർ സംവിധാനം ചെയ്ത ‘നിറക്കൂട്ട്’ എന്ന സീരിയലിൽ യദുകൃഷ്ണന്റെ നായികയായി. പക്ഷേ, ശ്രദ്ധേയമായ ആദ്യ വേഷം എ.എൻ നസീർ സംവിധാനം ചെയ്ത ‘മനസ്സി’ലെ സുഭദ്ര എന്ന കഥാപാത്രമാണ്. ആദ്യം മറ്റൊരാൾ ചെയ്ത് ശരിയാകാതെ, പകരക്കാരിയായാണ് ഞാൻ ജോയിൻ ചെയ്തത്. പോസിറ്റീവിൽ നിന്നു നെഗറ്റീവ് ആകുന്നതും വീണ്ടും പോസിറ്റീവ് ആകുന്നതുമായ കഥാപാത്രം. അത് ഹിറ്റായി. ആ കഥാപാത്രത്തെക്കുറിച്ച് ഒരു പാട് നല്ല അഭിപ്രായങ്ങൾ കൂട്ടുകാരൊക്കെ പറഞ്ഞതോടെ അച്ഛനും സന്തോഷമായി. അഭിനയിക്കുന്നതിനോടുള്ള എതിർപ്പ് കുറഞ്ഞു. അതിനു ശേഷം ധാരാളം ഓഫറുകൾ വന്നെങ്കിലും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ എല്ലാം തകിടം മറിച്ചു.
ഞാൻ ഒരാളുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും ആ സമയത്താണ്. അതേ സമയം തന്നെ തമിഴിൽ നിന്ന് ഒരു സൂപ്പർ താരത്തിനൊപ്പം ആരും കൊതിക്കുന്ന ഒരു അവസരവും വന്നു. ‘ഇത് നിന്റെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഈ അവസരം നീ ഏറ്റെടുത്താൽ നിന്റെ കരിയർ ഉയരങ്ങളിലെത്തും. ഇല്ലെങ്കിൽ ഒരു നോ പറഞ്ഞ് നിനക്ക് വ്യക്തി ജീവിതത്തിലേക്ക് ചുരുങ്ങാം’ എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, കാമുകൻ ചോദിച്ചത്, ‘അയാൾക്കൊപ്പം അഭിനയിക്കണോ, അതോ എനിക്കൊപ്പം ജീവിക്കണോ’ എന്നാണ്. എനിക്ക് അപ്പോൾ കാമുകനായിരുന്നു വലുത്. അങ്ങനെ ആ ബിഗ് ഓഫർ വേണ്ട എന്നു വച്ച്, ഞാൻ18–ാം വയസ്സിൽ വിവാഹിതയായി. ആ തീരുമാനം വലിയ ദുരന്തമായിരുന്നു. ഏപ്രിലിൽ കല്യാണം ഡിസംബറിൽ ഡിവോഴ്സ്.
ഡിവോഴ്സിനു ശേഷം ‘സ്വന്തം’ എന്ന സീരിയലിലൂടെയാണ് ഞാൻ മടങ്ങി വന്നത്. ആ വരവിൽ കിട്ടിയതിൽ കൂടുതൽ വില്ലൻ, സഹനായിക വേഷങ്ങളായിരുന്നു. ‘ദേവി’ എന്ന സീരിയലിൽ നായികയുമായി. എന്റെ കരിയറിൽ പല തവണ വിട്ടു നിൽപ്പും തിരിച്ചു വരവും സംഭവിച്ചിട്ടുണ്ട്. ‘ആയിരത്തിൽ ഒരുവൾ’ എന്ന സീരിയലിലെ മഠത്തിൽ അമ്മയാണ് എന്റെ ആദ്യ അമ്മ വേഷം. ‘പരസ്പര’ത്തിലെ വേഷം വലിയ ഹിറ്റായി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘പൂക്കാലം വരവായി’ എന്നിവയാണ് പുതിയ സീരിയലുകൾ.
കരിയറുമായി ബന്ധപ്പെട്ട് നല്ല തീരുമാനങ്ങളെടുക്കാന്‍ വൈകി. ഞാൻ കുടുംബിനിയായി ജീവിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, പറ്റിയില്ല. മകൻ ജനിച്ചതോടെയാണ് ഉത്തരവാദിത്വം വന്നത്. അതോടെ പ്രൊഫഷനെ സ്നേഹിക്കാൻ തുടങ്ങി. മോൻ അയാന്‍. എട്ടര വയസ്സായി. മൂന്നാം ക്ലാസിൽ പഠിക്കുന്നു. വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല.
ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. ‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാൻ എന്തെങ്കിലും വേണ്ടേ. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കയ്യിൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രേഖയുടെ തുറന്നുപറച്ചിൽ.
https://www.facebook.com/Malayalivartha

























