നിറകണ്ണുകളോടെ ... നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് വിട നല്‍കി ജന്മനാട്... ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു....

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന് വിട നല്‍കി ജന്മനാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ ഒമ്പതുമണിവരെ ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു.
ഒരു മനുഷ്യായുസ് മുഴുവന്‍ ചിരിക്കാനുള്ള തമാശകള്‍ നല്‍കിയാണ് ഇന്നസെന്റ് യാത്രയായത്. അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരുടെ കണ്ണുകള്‍ അദ്ദേഹം സമ്മാനിച്ച ചിരി ഓര്‍മ്മകളാല്‍ നിറഞ്ഞിരുന്നു. പൊതുദര്‍ശനം ആരംഭിച്ചത് മുതലുള്ള അതേ ജനത്തിരക്ക് തന്നെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത് വരെയും ഉണ്ടായിരുന്നത്.
വീട്ടില്‍ നിന്നും പ്രാര്‍ത്ഥനക്ക് ശേഷം കത്തീഡ്രലിലേക്ക് പോകുന്ന വഴിയിലും പള്ളിയിലും ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാനായി തിങ്ങിക്കൂടിയത്. വഴിയില്‍ തടിച്ചു കൂടിയിരുന്ന പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇത്രയും കാലം പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം കണ്ണുനീര്‍ സമ്മാനിച്ചാണ് നമ്മോടു യാത്ര പറയുന്നത്.
പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാനും ആദരാഞ്ജലിയര്‍പ്പിക്കാനും തിങ്കളാഴ്ച കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വന്നുചേര്‍ന്നത് ആയിരങ്ങളായിരുന്നു.
അഞ്ചേകാലിനുശേഷം ആലീസും മക്കളുമൊന്നിച്ച് ഇന്നസെന്റ് ആഹ്‌ളാദത്തോടെ ജീവിച്ച 'പറുദീസ'യിലേക്ക്. അവിടെ അവസാന കാഴ്ചയില്‍ പലരും നിറകണ്ണുകള്‍ മറയ്ക്കാനാവാതെയാണ് നിന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും നടന്‍ മമ്മൂട്ടി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മോഹന്‍ലാല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും എത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ടൊവിനോ തോമസ്, ദിലീപ്, കാവ്യ മാധവന്‍, നാദിര്‍ഷ സംവിധായകന്‍ കമല്‍ അടക്കമുള്ളവര്‍ രാവിലെ വീട്ടിലെത്തിയിരുന്നു.
വീട്ടില്‍ രാത്രി ഏറെ വൈകിയും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്നസെന്റിന്റെ അന്ത്യം ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു.
https://www.facebook.com/Malayalivartha