മീനാക്ഷിയുടെ ആഗ്രഹം പൃഥ്വിരാജിന്റെ നായികയാകുവാന്‍...

മലയാള സിനിമയുടെ കുട്ടി കുറുമ്പി മീനാക്ഷിയെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തത് അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ്. ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ മീനാക്ഷിക്കു കഴിഞ്ഞു. കോട്ടയം കിടങ്ങുര്‍ സ്വദേശിനിയായ മീനാക്ഷി അരവിന്ദ വിദ്യാമന്ദിര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
സ്‌കൂള്‍ കുട്ടിയായിരിക്കെ എങ്ങനെ സിനിമയില്‍ കയറിക്കൂടി?
ഞങ്ങളുടെ ബന്ധുവായ അഖില്‍ചേട്ടന്‍ ചില ആല്‍ബങ്ങള്‍ ചെയ്തിരുന്നു. അതില്‍ അഭിനയിക്കാന്‍ ഒരു കുട്ടിയെ തിരക്കി നടക്കുമ്പോള്‍ എന്റെ കാര്യം ഓര്‍മ്മ വന്ന് അഭിനയിക്കാന്‍ വിളിച്ചു. കൊച്ചുകുട്ടിയായിരുന്നെങ്കിലും ലൊക്കേഷനില്‍ ഞാന്‍ പതറിയില്ല. രണ്ടാമത്തെ ടേക്കില്‍ തന്നെ എല്ലാ ഷോട്ട്‌സും ഓക്കെയായിരുന്നു. അങ്ങനെ രണ്ടര വയസ്സുള്ളപ്പോള്‍ എന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങി. ചെറുപ്പം മുതലേ എനിക്ക് സ്‌റ്റേജ് ഫിയറൊന്നുമില്ല. എന്നെയും അനിയനെയും ചെറുപ്പം മുതല്‍ അച്ഛന്‍ ഓരോ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമായിരുന്നു. അങ്ങനെ ഏത് ആള്‍ക്കൂട്ടത്തിലും പേടിയില്ലാതെ അഭിനയിക്കാന്‍ സാധിച്ചു.
മറ്റൊരു ബന്ധുവായ ശരത്‌ചേട്ടന്‍ ഷോട്ട്ഫിലിമുകളുടെ ആളാണ്. ആ വകയില്‍ നാല്പതിലധികം ഷോര്‍ട്ട് ഫിലിമുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. രണ്ട് ചേട്ടന്‍മാരുടെയും ടെലിഫിലിമുകളിലും അഭിനയിച്ചു. അവരുടെ പരിചയത്തില്‍ മറ്റു ചിലരുടെ ടെലിഫിലിമുകള്‍ ചെയ്തു. വര്‍ഷം എന്ന ടെലിഫിലിമിലൂടെ മികച്ച നടിക്കുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ചു. ആദ്യ സിനിമ വണ്‍ബൈ ടുവാണ്. അതില്‍ ശ്യാമപ്രസാദ് സാറുമായുള്ള ധാരാളം കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. എന്നാല്‍ അത് തിയറ്ററില്‍ വന്നപ്പോള്‍ എന്നെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ നീളംകൂടുതലായതു കൊണ്ട് കട്ട് ചെയ്‌തെന്നറിഞ്ഞു. അതിനു ശേഷം സെലക്ടീവായാണ് സിനിമ ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ പലപ്പോഴും ക്ലാസ് കളയേണ്ടി വരും. ക്ലാസ് നഷ്ടപ്പെടുന്ന ടെന്‍ഷന്‍ മൂലം പഠനവും അഭിനയവും കുഴപ്പത്തിലാവും. ഏത് കാര്യവും മികച്ച രീതിയില്‍ ചെയ്ത് നല്ല റിസള്‍ട്ട് ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം.
അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലേക്ക് എങ്ങനെ എത്തി?
ആന മയില്‍ ഒട്ടകം എന്ന സിനിമ ചെയ്തിരുന്നു. അതിന്റെ അണിയറ പ്രവര്‍ത്തകരും എന്റെ അച്ഛനുമുള്‍പ്പെടുന്ന സിനിമാ പാരഡൈസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അച്ഛനെന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ആന മയില്‍ ഒട്ടകത്തില്‍ ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച വിഷ്ണുചേട്ടനാണ് നാദിര്‍ഷാ അങ്കിളിനെ എന്റെ ഫോട്ടോ കാണിച്ചത്. അതു കണ്ട് അങ്കിള്‍ ഞങ്ങളെ വിളിപ്പിച്ചു. ഒരു സീന്‍ പറഞ്ഞു തന്നിട്ട് അതൊന്ന് ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഞാനത് അഭിനയിച്ചു. അത് കണ്ട് അങ്കിള്‍ പറഞ്ഞു ഇതാണെന്റെ പാത്തു.
പൃഥ്വിരാജിന്റെ നായിക ആവണമെന്നാണ് ആഗ്രഹമെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നല്ലോ?
എനിക്ക് ചെറുപ്പം മുതലേ രാജു അങ്കിളിനെ ഒരുപാട് ഇഷ്ടമാണ്. എന്റെ വലിയ ആഗ്രഹമാണ് അങ്കിളിന്റെ നായിക ആവുക എന്നത്. ഒരിക്കല്‍ ഷൂട്ടിംഗിനിടയില്‍ ഞാന്‍ അങ്കിളിനോട് പറഞ്ഞു എനിക്ക് അങ്കിളിന്റെ നായികയാവണമെന്ന്. അങ്കിള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു നമുക്ക് നമിതയെ മാറ്റി മീനാക്ഷിയെ നായികയാക്കിയാലോ.
ഷൂട്ടിംഗിനിടെ ചെറിയൊരു അപകടം പറ്റിയിരുന്നല്ലോ?
ഓടയില്‍ ഞാന്‍ മരിച്ചു കിടക്കുന്ന ഒരു സീനുണ്ട്. ഇത് ഷൂട്ട് ചെയ്യുന്നതിന്റെ തലേദിവസം അവിടുള്ള ചേട്ടന്മാര്‍ എന്നോടു പറഞ്ഞു നിന്നെ നാളെ ഓടയില്‍ കൊണ്ടിടും. എനിക്ക് പേടിയായി. അത് തെര്‍മ്മോക്കോളു കൊണ്ട് നിര്‍മ്മിച്ച സെറ്റാണെന്ന് അറിയില്ലായിരുന്നു. യഥാര്‍ത്ഥ ഓടയാണെന്നാണ് എന്റെ വിചാരം. ഷൂട്ട് സമയത്ത് ഞാന്‍ പേടിച്ച് താഴെവീണു. രാജു അങ്കിളാണ് അവിടുന്നെന്നെ പൊക്കിയെടുത്ത് കാരവാനില്‍ കേറ്റിയത്. അന്നൊരു ദിവസം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പേടി മാറാന്‍ പൃഥ്വിഅങ്കിള്‍ എന്നെ എടുത്തുകൊണ്ട് ആ ഓടയ്ക്കുള്ളിലിറങ്ങി. കമ്പുകൊണ്ട് കുത്തി അത് തെര്‍മോക്കോളാണെന്ന് കാണിച്ചു തന്നു. പേടി മാറിയ ശേഷം പിറ്റേന്നാണ് ആ സീന്‍ ഷൂട്ട് ചെയ്തത്.
വീട്ടിലെ മീനാക്ഷി എങ്ങനെയാണ് ?
വീട്ടില്‍ അല്‍പ്പം കുസൃതിയാണ്. അനിയന്‍ ആരുഷുമായി തല്ലുകൂടലാണ് പ്രധാന പണി. അച്ഛന്‍ അനൂപ്, അമ്മ രമ്യ. പിന്നെ രസകരമായ ഒരു കാര്യമുള്ളത്, എന്റെ അച്ഛന്റെ സ്റ്റുഡന്റായിരുന്നു അമ്മ. രണ്ടുപേരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഷൂട്ടിംഗിന് എന്റെ കൂടെ വരുന്നത് മുത്തശ്ശിയാണ്. ചില സിനിമകളില്‍ സ്ത്രീകള്‍ കൊടിപിടിച്ചു നടക്കുന്ന സീനില്‍ മുത്തശ്ശിയുടെ മുഖവും കാണാം.
ഷൂട്ടിംഗിനിടയില്‍ ക്ലാസ്സുകള്‍ ധാരാളം മിസ് ചെയ്യാറില്ലേ?
പലപ്പോഴും ഷൂട്ടിംഗ് കാരണം ക്ലാസ്സില്‍ പോകാന്‍ സാധിക്കാറില്ല. പോകാത്ത സമയത്ത് ടീച്ചേഴ്‌സ് നോട്‌സിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തുതരും. സ്റ്റാഫ്‌റൂമില്‍ കൊണ്ടുപോയി പോര്‍ഷന്‍സ് പറഞ്ഞുതരും.
പ്രേക്ഷകരുടെ പ്രതികരണം?
ബന്ധുവിന്റെ കല്യാണത്തിനു ഒരു കോളജിന് മുന്നിലൂടെയാണ് പോയത്. എന്നെ കണ്ടതും പാത്തു എന്നു വിളിച്ച് കുറേ ചേട്ടന്മാര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിവന്ന് ചുറ്റും നിന്നു. അവിടുത്തെ പ്രിന്‍സിപ്പാള്‍ എന്നോടു ചോദിച്ചു കുട്ടിയൊന്ന് അകത്തേയ്ക്ക് വരാമോ. അങ്ങനെയെങ്കിലും ഇവന്മാര് ക്ലാസ്സില്‍ കയറട്ടെ. ഞാന്‍ അവരോടൊപ്പം ക്ലാസ്സില്‍ കയറി. അവര്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്തു. കുറേനേരം സംസാരിച്ചതിനു ശേഷമാണ് തിരിച്ച് വീട്ടിലേക്ക് പോയത്.
പുതിയ പ്രോജക്ടുകള്‍?
വേട്ട എന്ന സിനിമയില്‍ മഞ്ജുച്ചേച്ചിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നുണ്ട്. ചേച്ചിയുമായി കോമ്പിനേഷന്‍ സീനുകളില്ലാത്തതിനാല്‍ പരസ്പരം കണ്ടിരുന്നില്ല. ഒരു ദിവസം പോത്തീസിന്റെ പരസ്യം ചെയ്യാന്‍ പോകുന്ന വഴി വേട്ടയുടെ സംവിധായകന്‍ വിളിച്ചു പറഞ്ഞു അവിടെ മഞജു് ചേച്ചിയുണ്ടെന്ന്. അങ്ങനെയാണ് ആദ്യമായി ചേച്ചിയെ കാണുന്നത്. പിന്നെ തമിഴ് സിനിമകളില്‍ നിന്നും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. ഒന്നിന്റെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha