പൊന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്...കുടുംബവിശേഷങ്ങളുമായി വിനു മോഹന്‍

അഭിനയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്ത വിനുവിന്റെ കുടുംബവിശേഷങ്ങള്‍.
സിനിമാ ദാമ്പത്യങ്ങള്‍ ചില്ലുപാത്രം പോലെ ഉടഞ്ഞു ചിതറുന്ന കാലത്ത് വിവാഹ ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ് വിനുമോഹനും ഭാര്യ വിദ്യയും.
പ്രണയത്തിലകപ്പെട്ടവരെ പോലെ അവര്‍ പരസ്പര സ്‌നേഹം നിലനിര്‍ത്തുന്നു. നടന്‍ എന്ന നിലയിലെ വിജയങ്ങളേക്കാള്‍ വിനു പ്രാധാന്യം നല്‍കുന്നത് ദാമ്പത്യത്തിലെ ഈ സുന്ദരനിമിഷങ്ങള്‍ക്കാണ്.
വിനുവിന്റെ അഭിനയമോഹം?
ചെറുപ്പംതൊട്ടേ ടെലിഫിലിമുകള്‍ ചെയ്തിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ സമയത്താണ് അഭിനയമോഹം മനസ്സില്‍ തോന്നിയത്. എന്നാല്‍ ആ സമയത്ത് ചാന്‍സ് ലഭിച്ചില്ല. എങ്കിലും സിനിമയുടെ ടെക്‌നിക്കല്‍ സൈഡില്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയമോഹം ഉപേക്ഷിച്ചു.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അജന്ത എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പല കാരണങ്ങള്‍കൊണ്ടും ആ പടം റിലീസായില്ല. ഒരുപാട് സങ്കടമായി.
ലോഹിസാറാണ് നിവേദ്യത്തിലേക്ക് കാസ്റ്റ് ചെയ്തത്. ആ സിനിമയേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത് എന്റെ കഥാപാത്രമായ മോഹനകൃഷ്ണനേയും 'കോലക്കുഴല്‍ വിളികേട്ടോ' എന്ന ഗാനവുമാണ്.
ഭരത്‌ഗോപി, നെടുമുടിവേണു തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു. തുടക്കക്കാരായ എനിക്കും ഭാമയ്ക്കും ഗോപിയങ്കിള്‍ അഭിനയത്തിന്റെ പാഠങ്ങള്‍ പറഞ്ഞു തന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഇടയ്ക്കിടെ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലും പോകുമായിരുന്നു.
അഭിനയകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വിനുവിന് വീട്ടില്‍ നിന്നും എത്രത്തോളം സപ്പോര്‍ട്ടുണ്ട്?
അച്ഛനും അമ്മയും എനിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഒരു കാര്യത്തിലും അവര്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്നാല്‍ സ്വന്തമായി തീരുമാനമെടുക്കുമ്പോള്‍ ഒരിക്കലും തെറ്റായിപ്പോയി എന്ന ബോദ്ധ്യമുണ്ടാവരുതെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു.
'മാടമ്പി' യില്‍ 'അജ്മല്‍' അഭിനയിച്ച കഥാപാത്രം ചെയ്യാന്‍ എന്നെ ക്ഷണിച്ചതാണ്. 'സുല്‍ത്താന്‍' എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനാല്‍ 'മാടമ്പി'യിലെ അവസരം നഷ്ടപ്പെടുത്തേണ്ടിവന്നു. അന്ന് അച്ഛനോട് അഭിപ്രായം ചോദിച്ചപ്പോള്‍ 'മാടമ്പി'യില്‍ അഭിനയിക്കുന്നതായിരുന്നു അദ്ദേഹത്തിന് താല്പര്യം.
എന്നാല്‍ കൊടുത്തവാക്ക് പാലിക്കണം എന്നതിന്റെ പേരില്‍ ഞാന്‍ സൂല്‍ത്താനില്‍ അഭിനയിച്ചു. ആ സിനിമ ഫ്‌ളോപ്പ് ആയി. മാടമ്പി വിജയിക്കുകയും ചെയ്തു. ജീവിതത്തില്‍ ഞാനെടുത്ത തെറ്റായ തീരുമാനമായിരുന്നു അത്.
അച്ഛന്‍ പറഞ്ഞത് കേട്ടിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നി. അച്ഛനെ ഫെയ്‌സ് ചെയ്യാന്‍ പോലും ധൈര്യമില്ലാതായി.എന്റെ വിഷമം മനസിലാക്കിയ അച്ഛന്‍ 'പോട്ടെ, സാരമില്ല... ഇനിയെങ്കിലും കരുതലോടെ നീങ്ങിയാല്‍ മതി'യെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി?
'ഞാനെന്ന ഭാവമില്ലാതെ' സിനിമയിലെത്തുന്ന യുവതാരങ്ങള്‍ക്ക് അവരെക്കൊണ്ടാവും വിധം സഹായിക്കാന്‍ ശ്രമിക്കുന്ന വ്യക്തികളാണ് മമ്മൂക്കയും ലാലേട്ടനും.
ജീവിതസഖിയെ കണ്ടെത്തിയതും സിനിമയില്‍ നിന്നാണല്ലോ?
ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടില്ലെങ്കിലും നല്ല ഫ്രണ്ട്‌സായിരുന്നു. ഞങ്ങളുടേത് പ്രണയവിവാഹമാണെന്നാണ് പലരുടെയും ധാരണ. ശരിക്കും അറേഞ്ചഡ്് മാര്യേജാണ്. ഒരകന്ന ബന്ധു വഴിയാണ് വിദ്യയുടെ ആലോചന വന്നത്.
വീട്ടില്‍ വിവാഹമാലോചിക്കുന്ന സമയത്ത് അച്ഛനും അമ്മയും എന്നെ വിദ്യയുടെ ഫോട്ടോസ് കാണിച്ചു. അല്‍പ്പം 'ജാഡയോടെ', കൊള്ളാം നല്ല കുട്ടിയാണ്' എന്നു ഞാന്‍ പറഞ്ഞു. ആ മറുപടികേട്ട നിമിഷം അവര്‍ വിദ്യയുടെ വീട്ടുകാരെ വിവരമറിയിച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
വിദ്യയുടെ പിന്തുണ?
എന്റെ ബെസ്റ്റ് ഫ്രണ്ട് വിദ്യയാണ്. അവളെ ഞാന്‍ പൊന്നുവെന്നാണ് വിളിക്കുക. മനസ്സ് വിഷമിക്കുന്ന അവസരങ്ങളില്‍ വിദ്യയുടെ സാമീപ്യം എനിക്ക് വല്ലാത്ത പോസിറ്റീവ് എനര്‍ജി തരും. ഞങ്ങളുടെ ദാമ്പത്യബന്ധത്തിന് ദൈവത്തിന്റെ കൈയൊപ്പുണ്ട്.
വെറുതെ പറഞ്ഞതല്ല, ചെന്നൈ പ്രളയത്തിന്റെ സമയത്ത് 'വള്ളി'യെന്ന തമിഴ്‌സീരിയല്‍ ഷൂട്ടുമായി ബന്ധപ്പെട്ട പൊന്നു ചെന്നൈയിലാണ്. ഞാന്‍ ബാംഗ്ലൂരും.
നായകനും നായികയും മാത്രമുള്ള സീനുകളായതിനാല്‍ അവര്‍ രണ്ടുപേരും മാത്രമേ അപ്പോഴവിടെയുള്ളൂ, അതേസമയം പുറത്ത് ആളുകള്‍ ജീവനുംകൊണ്ട് നെട്ടോട്ടമോടുകയാണ്.
ഇതൊന്നും അവളറിഞ്ഞില്ല. ഷൂട്ടിംഗ് പായ്ക്കപ്പ് ചെയ്തശേഷം ലൊക്കേഷനിലെ പയ്യന്‍ മുഖാന്തരം പുറത്തെ അവസ്ഥ അറിഞ്ഞതും പൊന്നു ടെന്‍ഷനിലായി.
ഷൂട്ടിന്റെ ബ്രേക്ക് സമയത്ത് പൊന്നു ഫോണിലൂടെ എന്നോട് സംസാരിക്കും. ഞാനും അങ്ങനെയാണ്. ലൊക്കേഷനില്‍ വിദ്യയ്‌ക്കൊപ്പം അവളുടെ അമ്മയുണ്ടാകും. അന്ന് അമ്മ ഒപ്പമില്ലാതിരുന്നതു കൊണ്ട് പൊന്നുവിന്റെ പേടി ഇരട്ടിയായി.
സത്യത്തില്‍ അവര്‍ നില്‍ക്കുന്ന സ്ഥലത്ത് വെള്ളമില്ല. അവളുടെ ടെന്‍ഷനും പേടിയുമൊക്കെ കണ്ട് ഡയറക്ടര്‍ 'വിദ്യ, നീ എന്തുചെയ്യും, വെള്ളമായതിനാല്‍ വിനുവിന് വരാന്‍ സാധിക്കുമോ എന്നൊക്കെ ചോദിച്ച് ശുണ്ഠിപിടിപ്പിച്ചുകൊണ്ടേയിരുന്നു.
താമസിയാതെ പൊന്നുവിനെയും അവള്‍ക്കൊപ്പം മറ്റൊരു സ്ത്രീയെയും ഭദ്രമായി അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചു. ഇതേസമയം ചെന്നൈയുടെ അവസ്ഥ ടി.വി.യിലും മറ്റുമൊക്കെ കണ്ട് നേര്‍ച്ചകളും വഴിപാടുകളുമായിരിക്കുകയാണ് വീട്ടുകാര്‍.
'ടെലിഫോണ്‍ ലൈനില്ല, കറന്റില്ല, കേബിളില്ല, ആരൂം തമ്മില്‍ ഒരു കോണ്‍ടാക്ടുമില്ല. അതാണ് ചെന്നൈയുടെ അവസ്ഥ. പക്ഷേ പൊന്നു വിളിച്ചാല്‍ എനിക്ക് ലൈന്‍ കിട്ടും, തിരിച്ചും അങ്ങനെ തന്നെ. ഞങ്ങള്‍ തമ്മിലുള്ള കോണ്‍ടാക്ടിന് ഒരു തടസ്സവുമുണ്ടായില്ല.
എന്റെ അടുത്ത ഫ്രണ്ടായ ബാലയോട് ഞങ്ങളുടെ ഫോണ്‍ കോണ്‍ടാക്ടിനെക്കുറിച്ച് പറഞ്ഞിട്ടും അവന്‍ വിശ്വസിച്ചില്ല. ഒടുവില്‍ പൊന്നുവിനെ വിളിച്ച് ഫോണ്‍ അവന്റെ കൈയില്‍ കൊടുത്തു, അവര്‍ സംസാരിക്കുകയും ചെയ്തു. അവന്‍ ശരിക്കും ത്രില്ലായി. ഇതെങ്ങനെ സാധിച്ചുവെന്നാണ് എല്ലാവരുടെയും അത്ഭുതം.
ഞാന്‍ ബാംഗ്ലൂരിലായതുകൊണ്ട് മടങ്ങിപ്പോകാന്‍ ബാംഗ്ലൂര്‍ ഫ്‌ളൈറ്റ് വേണമെന്നു പൊന്നു വാശിപിടിച്ചെങ്കിലും അവസാനനിമിഷം ഫ്‌ളൈറ്റ് മിസ്സായി. ഞാന്‍ പിന്നെയൊന്നും ആലോചിച്ചില്ല, ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലെത്തി അവളെയും കൊണ്ട് നേരെ പോയത് ഗോവയിലേക്ക്.
പോകുന്ന വഴിയില്‍ പൊന്നുവിന്റെ വിവരങ്ങളറിയാതെ വീട്ടുകാര്‍ ടെന്‍ഷനിലായതുകൊണ്ട് വീട്ടിലേക്ക് വിളിച്ചതും അവരുടെ കമന്റ്. 'എന്റെ പൊന്നുമോളെ, ആദ്യം നീ വീട്ടിലേക്ക് വാ... ഒരുപാട് നേര്‍ച്ചകളും വഴിപാടുകളുമൊക്കെ കഴിച്ചിട്ടുണ്ട്. അതൊക്കെ നീ തന്നെ ചെയ്യണം.
എന്നിട്ട് ഗോവയിലേക്ക് പോയാല്‍ മതി. 'ഫോണ്‍ സ്പീക്കറിലിട്ടതിനാല്‍ അവരുടെ കമന്റും അതുകേട്ട പൊന്നുവിന്റെ മുഖവും കൂടി കണ്ടപ്പോള്‍ ശരിക്കും പൊട്ടിച്ചിരിച്ചുപോയി. ഞങ്ങള്‍ വിവാഹജീവിതത്തിലേക്ക് കടന്നിട്ട് മെയ് 19ന് 3 വര്‍ഷം തികയുകയാണ്.
ഇപ്പോഴും ഞങ്ങളെ കണ്ടാല്‍ എല്ലാവരും ചോദിക്കും. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര ദിവസമായെന്ന്. സിനിമയും സീരിയലും എല്ലാം കഴിഞ്ഞ് വളരെ ചുരുങ്ങിയ ദിവസമേ പരസ്പരം കാണാന്‍ സാധിക്കുകയുള്ളൂ. ആ സങ്കടമൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല.
കുറേക്കാലമായി വിനുവിനെ സിനിമയില്‍ കാണാറില്ല?
അച്ഛന്റെ അപ്രതീക്ഷിതമായ വേര്‍പാടാണ് സിനിമയില്‍ നിന്നും കുറച്ചുകാലത്തേക്ക് മാറിനില്‍ക്കാന്‍ കാരണം. എനിക്ക് ഏതു കാര്യത്തിനും അച്ഛന്റെ സഹായവും പിന്‍തുണയും ആവശ്യമായിരുന്നു.
എന്റെ ശക്തിയും ബലവുമെല്ലാം അച്ഛനായിരുന്നു. ആ തണല്‍ പെട്ടെന്ന് നഷ്ടപ്പെട്ടപ്പോള്‍ പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു. ആയിടക്ക് ധാരാളം ഓഫറുകള്‍ ലഭിച്ചെങ്കിലും ഒന്നിനും ഡേറ്റ് നല്‍കിയില്ല.
സൈക്കിള്‍ എന്ന സിനിമയില്‍ സായ്കുമാറിനെ ചവിട്ടുന്ന സീനുണ്ടല്ലോ?
സിനിമയില്‍ വന്നശേഷം ഞങ്ങള്‍ കുടുംബസമേതം ഒരു ഫംഗ്ഷന് ചെന്നു. അപ്പോള്‍ അമ്മാവന്‍ എന്നോട് പറഞ്ഞു. സിനിമയിലെ ഭൂരിഭാഗം നടന്മാരുടെയും ചവിട്ടും തൊഴിയും ഞാന്‍ കൊണ്ടിട്ടുണ്ട്.
ഇനി നിന്റെ ചവിട്ടും ഞാന്‍ കൊള്ളേണ്ടി വരുമോ?
ചിരിച്ചുകൊണ്ട് 'നോക്കട്ടെ'യെന്നു ഞാന്‍ പറഞ്ഞു. കുറച്ചുനാളുകള്‍ക്കുശേഷം സൈക്കിളിലേക്ക് ക്ഷണം വന്നു. സംവിധായകനോട് ഞാന്‍ അമ്മാവന്റെ ചോദ്യത്തെക്കുറിച്ച് പറഞ്ഞു. വച്ചു താമസിക്കാതെ, ഈ സിനിമയുടെ ക്ലൈമാക്‌സില്‍ തന്നെ പണികൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ സിനിമയുടെ അവസാന ഭാഗത്ത് പോലീസ് വേഷം ചെയ്യുന്ന അമ്മാവനെ ഞാന്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്യുന്ന സീനുകളുണ്ട്. അന്ന് ഞാന്‍ എത്രമാത്രം ടെന്‍ഷനടിച്ചെന്നും ചമ്മിയെന്നും എനിക്കു തന്നെ അറിയില്ല.
അഭിനയിച്ച പല സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ല. സങ്കടം തോന്നിയില്ലേ?
ഇല്ലെന്നു പറഞ്ഞാല്‍ കളവാകും. പല സിനിമകളും പരാജയപ്പെട്ടിരുന്നു. അത് ആരുടെയും കുറ്റമല്ല. ഏതു പുതിയ സംവിധായകന്‍ വന്ന് ചോദിച്ചാലും ഞാന്‍ യെസ് പറയും. കാരണം സിനിമയില്‍ ഒരവസരത്തിനായി ഞാനും കാത്തിരുന്നിട്ടുണ്ട്.
പലപ്പോഴും കിട്ടുന്ന കാശിന്റെ കണക്കുപോലും നോക്കാറില്ല. അവരെത്ര രൂപ തരുന്നോ അത് വാങ്ങും. ഞാനായിട്ട് ആരെയും വേദനിപ്പിക്കരുത് എന്നു ചിന്തിക്കുന്ന കൂട്ടത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha