വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം.... ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി നവംബർ മുതൽ മാർച്ച് വരെയുള്ള ഹ്രസ്വകാല വൈദ്യുതി കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. യൂണിറ്റിന് 6.99 രൂപ മുതൽ 10 രൂപ വരെ നൽകിയാണ് വാങ്ങുക.
വേനൽക്കാലമാണെങ്കിലും യൂണിറ്റിന് 13.89 രൂപ വരെ വിലയായതിനാൽ ഏപ്രിലിലെ കരാറിന് അനുമതി നിഷേധിച്ചു. ആകെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാം. 131.26 കോടിയാണ് ചെലവിടേണ്ടി വരിക.
നവംബറിൽ യൂണിറ്റിന് 7.44 രൂപ നൽകി പി.ടി.സി ഇന്ത്യാ ലിമിറ്റഡിൽ നിന്ന് 120 മെഗാവാട്ടും ആർ.പി.ജി പവറിൽനിന്ന് 25 മെഗാവാട്ടും വാങ്ങും. ഡിസംബറിൽ പി.ടി.സിയിൽ നിന്ന് യൂണിറ്റിന് 7.99 രൂപയ്ക്ക് 120 മെഗാവാട്ടും ജനുവരിയിലും ഫ്രെബ്രുവരിയിലും യൂണിറ്റിന് 6.99 രൂപയ്ക്ക് 240 മെഗാവാട്ട് വീതവും വാങ്ങും.
മാർച്ചിൽ പി.ടി.സിയിൽ നിന്ന് 120 മെഗാവാട്ട് 9.98 രൂപയ്ക്കും ജിൻഡാൽ പവറിൽ നിന്ന് 150 മെഗാവാട്ട് 10 രൂപയ്ക്കുമാണ് വാങ്ങുക. ഹ്രസ്വകാല കരാറുകൾക്ക് അനുമതി കിട്ടിയെങ്കിലും ചൂട് കൂടുകയും വൈദ്യുതിഉപഭോഗം വലിയതോതിൽ ഉയരുകയും ചെയ്താൽ പ്രതിസന്ധിക്ക് സാദ്ധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha

























