അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്മിപ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നേരത്തെ അന്‍സിബ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യപരാതിയായി പരിഗണിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതോടെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം എട്ടിന് ഹൈക്കോടതിയാണ് അന്‍സിബയുടെ പരാതി വീണ്ടും പരിശോധിക്കാന്‍ കീഴ്‌ക്കോടതിയ്ക്ക് നിര്‍ദേശം നല്‍കിയത്.
മതിയായ കുറ്റമുണ്ടായിട്ടില്ലെന്ന തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് മതിയായ രീതിയില്‍ പരാതി പരിഗണിച്ചില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പരാതിയില്‍ കേസെടുക്കണമെന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha























