കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ തീരുമാനത്തിൽ നിർണായകമായി മാറി.
തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു.
നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ. എംവി ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി ചാക്കോ,സക്കരിയ, ആർഎസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ കബീർ, സാബു ശങ്കർ ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു.
അതേസമയം ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ രവീന്ദ്രന് വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്.
1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ഒരു തലൈ രാഗ'ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. ചിത്രം വലിയ ജനപ്രീതി നേടിയതോടെ രവീന്ദ്രനും ശ്രദ്ധേയനായ താരമായി മാറി. തുടർന്ന് തമിഴിലും മലയാളത്തിലുമായി സജീവമായ അദ്ദേഹം അന്നത്തെ രജനികാന്ത്കമൽഹാസൻ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ പ്രധാനധാരയിലും ശ്രദ്ധേയ സാന്നിധ്യമായി.
സകലകലാ വല്ലവൻ, രാം ലക്ഷ്മൺ, രംഗ, പൊക്കിരി രാജ, തങ്കമകൻ, പെർ സൊല്ലും പിള്ളൈ തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. മലയാളത്തിൽ അശ്വരഥം, ഈ നാട്, ജോൺ ജാഫർ ജനാർദ്ദനൻ, ഇന്നലെ ഇന്നെങ്കിൽ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, അതിരാത്രം, ഇടനിലകൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























