പ്രധാനമന്ത്രിക്ക് വീണ്ടും ഗൗതമിയുടെ കത്ത്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും നടി ഗൗതമിയുടെ തുറന്ന കത്ത്. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണെന്നും നേരത്തെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി നല്‍കിയില്ലെന്നും ഗൗതമി ആരോപിക്കുന്നു. ബ്ലോഗിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയും അഭ്യൂഹങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗതമി മോഡിക്കു നേരത്തെ കത്തെഴുതിയത്.
ഡിജിറ്റലൈസേഷന്റെ ചാംപ്യനെന്ന് സ്വയം അവകാശപ്പെടുകയും ഇന്ത്യക്കാര്‍ സമൂഹമാധ്യമങ്ങള്‍ നന്നായി കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാള്‍ തന്റെ കത്തിന് മറുപടി നല്‍കിയില്ല.
സത്യസന്ധമായും വിഷമത്തോടെയും ഒരു പൗരനുന്നയിച്ച ചോദ്യം, ആധുനിക ടെക്‌നോളജി വഴിയായതുകൊണ്ടു മാത്രമാണോ അപ്രധാനമാകുന്നതെന്നും ഗൗതമി ചോദിക്കുന്നു. ഇന്ത്യ മൊത്തത്തില്‍ ഒന്നാണെന്ന് അവകാശപ്പെടുന്നയാള്‍ക്ക് തമിഴ്‌നാടിനെ മാത്രം മാറ്റിനിര്‍ത്താനാകുമോ. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട് കേന്ദ്രത്തിന്റെ ശ്രദ്ധയും ഉത്തരവാദിത്തവും അര്‍ഹിക്കുന്നില്ലേ.
ജയലളിതയുടെ മരണം സംബന്ധിച്ച് ഒരു ഉത്തരം പോലും തമിഴ്‌നാട്ടുകാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് അമ്മയ്ക്കും തമിഴ്‌നാടിനുതന്നെയും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നും ഗൗതമി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























