ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക്

യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശക പ്രവാഹം. ഉത്രാടദിനമായ ഞായറാഴ്ച സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തി. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.
കഴിഞ്ഞ ദിവസം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടതിന് ശേഷമാണ് ഈയൊരു ഒഴുക്ക് എന്നതാണ് ഏറെ ശ്രദ്ധേയം. അതിന് മുമ്പ് ആകെയെത്തിയത് നിര്‍മ്മാതാവ് സുരേഷ് കുമാറായിരുന്നു. സുരേഷ് കുമാര്‍ ജയിലിലെത്തിയശേഷം വീമ്പിളക്കിയത് അദ്ദേഹത്തിന് തന്നെ പാരയായിരുന്നു. തുടര്‍ന്ന് മറ്റാരും വരാതെയായി. എന്നാല്‍ കഴിഞ്ഞ ദിവസം കാവ്യ വന്നതോടെ മറ്റ് സുഹൃത്തുക്കളായ ദിലീപ് വളര്‍ത്തിക്കൊണ്ടു വന്ന താരങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. മാത്രമല്ല ദിലീപിന്റെ ജാമ്യം നീളുമെന്ന ധ്വനിയുമുണ്ട്. ഈയൊരു സന്ദര്‍ഭത്തിലാണ് ഓണത്തിന് മുമ്പ് ഉത്രാടപ്പാച്ചിലായി അവരെത്തിയത്.
കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് കാവ്യയും മീനാക്ഷിയും ജയിലില്‍ കഴിഞ്ഞ ദിവസം എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ജയിലിലെത്തി നടനെ കണ്ടിരുന്നു.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയാണ് ദിലീപിനെ കാണാന്‍ ആദ്യം ജയിലിലെത്തിയത്. നാദിര്‍ഷ മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും എത്തിയത്. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്തുമെന്നുമുള്ള ഉറപ്പിലാണ് പൊലീസ് സുരക്ഷയില്‍ ദിലീപിന് താല്‍ക്കാലിക പരോള്‍ അനുവദിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























