മലയാളത്തിന്റെ മഹാനടന് ഇന്ന് 66-ാം പിറന്നാള്‍!
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍ ദിനം. നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിലെ മഹാ വിസ്മയമായി നില്ക്കുന്ന താരം ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളും വളരെ വലുതാണ്. മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള മെഗാ സ്റ്റാര്‍ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം നിറ സാന്നിധ്യമാണ്.
അഭിനയ ജീവിതത്തില്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ട ഈ അഭിനയ കുലപതിക്ക് പ്രായം 66 ആണെങ്കില്‍ കൂടിയും 30-ന്റെ ചുറുചുറുക്കും സൗന്ദര്യവുമാണ്. മമ്മൂട്ടിയുടെ സൗന്ദര്യവും ചുറുചുറുക്കും വെള്ളിത്തിരയില്‍ എന്നും സംസാരവിഷയമാണ്. 30 കഴിഞ്ഞ മകന് ദുല്‍ഖര്‍ സല്മാന് പോലും വാപ്പച്ചിയാണ് തന്നെക്കാള്‍ ചെറുപ്പമെന്ന് തുറന്നു പറയുന്നു.
40 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം ആരാധകര്‍ക്ക് സമ്മാനിച്ചത് 300ല്‍ പരം ചിത്രങ്ങളാണ്. അന്ന് മുതല്‍ കാലമിത്രയും നായകനായും നടനായും വേഷമിട്ടു. ഇനിയങ്ങോട്ടും അത് തുടരുമെന്നതില്‍ സംശയില്ല. 66ലും നായകനാകുക എന്നത് വെല്ലുവിളി ആണെങ്കില്‍ കൂടിയും പ്രായം മമ്മൂട്ടിക്ക് ഒരു പ്രശ്നമല്ല. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ചുറുചുറുക്കുമുള്ള മമ്മൂട്ടിയെ വെല്ലാന്‍ മലയാള സിനിമയില്‍ ഇന്നോളം ആരും വളര്‍ന്നിട്ടില്ല. മകന് ദുല്‍ഖര്‍ സല്മാന് പോലും.
മോഹന്‍ലാല്‍, പൃഥ്വിരാജ് മേജര്‍ രവി തുടങ്ങി സിനിമാ മേഖലയിലുള്ളവരും മമ്മൂട്ടിക്ക് ആശംസകളുമായി ഫെയ്സ്ബുക്കില്‍ എത്തിയിട്ടുണ്ട്.
1951 സെപ്തംബര്‍ 7-ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്.
മൂന്ന് തവണ ദേശീയ പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടി അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. 1998-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
https://www.facebook.com/Malayalivartha