നൂറ് ഏക്കറില്‍ സ്വന്തം മഹിഷ്മതി നിര്‍മിക്കാനൊരുങ്ങി രാജമൗലി

ബാഹുബലിയിലൂടെ മഹിഷ്മതിയെന്ന വലിയ രാജ്യത്തെ അതിമനോഹരമായി രൂപകല്‍പന ചെയ്ത് ദൃശ്യവത്കരിച്ച സംവിധായകനാണ് രാജമൗലി. ഇപ്പോഴിതാ പുതിയൊരു സാമ്രാജ്യം നിര്‍മിക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം. ഇത് സിനിമയ്ക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിനായാണെന്ന് മാത്രം.
രാജമൗലി തന്റെ സ്വപ്നഭവനം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ട്. ഇതിനായി നൂറ് ഏക്കര്‍ സ്ഥലമാണ് അദ്ദേഹം മേടിച്ചിരിക്കുന്നത്. സ്വാഭാവം പോലെ തന്നെ ജീവിതവും വളരെ ലളിതമായി കൊണ്ടുപോകാനാണ് രാജമൗലിക്ക് ഇഷ്ടം. ചെയ്യുന്ന സിനിമകള്‍ ബ്രഹ്മാണ്ഡമാണെങ്കിലും ജീവിതത്തില്‍ ഒരു ആഡംബരത്തിനും രാജമൗലിയെ കിട്ടില്ല. ആഡംബര കാറുകളോ വലിയ അപാര്‍ട്ട്‌മെന്റുകളോ സ്വന്തമായി ഇല്ലാത്ത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
തെലങ്കാന സംസ്ഥാനത്തെ കട്ടന്‍ഗോര്‍ മണ്ഡലില്‍ ദൊനകൊണ്ഡയിലാണ് 100 ഏക്കര്‍ സ്ഥലം രാജമൗലി കഴിഞ്ഞ വര്‍ഷം മേടിച്ചത്. ആവശ്യമില്ലാതെ കിടക്കുന്ന ഗ്രാമപ്രദേശമാണ് രാജമൗലി തെരഞ്ഞെടുത്തത്. മാന്തോപ്പും പൂന്തോട്ടവുമായി പ്രകൃതിഭംഗിയാല്‍ നിറഞ്ഞുനില്‍ക്കുന്നൊരു സ്ഥലം കൂടിയാണിത്. കൃഷി ആയിരിക്കും രാജമൗലിയുടെ പ്രധാനലക്ഷ്യം.
ഇതേ സ്ഥലത്ത് വലിയൊരു ഫാം ഹൗസും ചെറിയ രണ്ട് വീടുകളും പണിയാനാണ് രാജമൗലിയുടെ പദ്ധതി. കലാസംവിധായകനായ രവിന്ദര്‍ ആണ് വീട് ഡിസൈന്‍ ചെയ്യുക. രാജമൗലിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാകും ഡിസൈന്‍. ഫാം ഹൗസിന്റെ പണി അവസാനഘട്ടത്തിലായെന്നാണ് റിപ്പോര്‍ട്ട്. രാജമൗലി ചിത്രം മര്യാദരമണയ്ക്കായി രവിന്ദര്‍ നിര്‍മിച്ച അതേ വീടിന്റെ മാതൃകയിലാകും ഇതും പണിയുക.
രാജമൗലിയുടെ ബന്ധുവും സംഗീതഞ്ജനുമായ എം എം കീരവാണിയും നിര്‍മാതാവ് സായി കൊരപതിയും (ഈഗ നിര്‍മാതാവ്) ഫാം ഹൗസ് നിര്‍മിക്കുന്നിടത്ത് കുറച്ച് സ്ഥലം മേടിച്ചിട്ടുണ്ട്. കൃഷി ആവശ്യത്തിനായാണ് ഈ സ്ഥലം ഉപയോഗിക്കുക.
ബാഹുബലിയില്‍ സംവിധായകന്റെ പ്രതിഫലം മാത്രമല്ല രാജമൗലിക്ക് ലഭിച്ചത്. സിനിമയുടെ ലാഭത്തിന്റെ മൂന്നിലൊന്ന് സംവിധായകന് എന്ന നിലയിലായിരുന്നു കരാര്‍. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം മേടിച്ച സംവിധായകന്‍ രാജമൗലിയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
https://www.facebook.com/Malayalivartha