ഇതിന് വേണ്ടിയോ തമിഴില്‍ സായ് പല്ലവി കാത്തിരുന്നത്? ഹൊറര്‍ ത്രില്ലറിലൂടെ നായികാ അരങ്ങേറ്റം

പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയോളം നേട്ടമുണ്ടായത് നായിക സായ് പല്ലവിക്കായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ഓഫറുകളാണ് സായ് പല്ലവിക്ക് ലഭിച്ചത്. മലയാളത്തില്‍ പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് സായ് പല്ലവി വീണ്ടുമെത്തിയത്. മലയാളത്തിലും തമിഴിലുമായി ആരാധകബാഹുല്യമുള്ള താരത്തിന്റെ തമിഴ് അരങ്ങേറ്റം അപ്പോഴും ഏത് ചിത്രത്തിനൊപ്പമെന്ന് തീരുമാനമായില്ല. വിക്രമിനൊപ്പവും വിജയ് ചിത്രത്തിലും സൂര്യയുടെ നായികയായും സായ് പല്ലവിയുടെ പേര് പറഞ്ഞുകേട്ടു. വിക്രം നായകനായ സ്‌കെച്ച് എന്ന ചിത്രത്തില്‍ കരാര്‍ ചെയ്തതിന് ശേഷം സായ് പല്ലവി പിന്‍മാറിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ചിത്രത്തിലൂടെ തമിഴില്‍ നായികാ അരങ്ങേറ്റം നടത്തുകയാണ് സായ് പല്ലവി. മണിരത്‌നം ചിത്രം കാറ്റ്‌റു വെളിയിടേയില്‍ ആദ്യം കാര്‍ത്തിയുടെ നായികയായി നിശ്ചയിച്ചത് സായ് പല്ലവിയെ ആയിരുന്നു.
ഒരു കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന കഥാപാത്രം, പക്ഷിക്കൂടിന് സമാനമായി കൂട് പോലെ രൂപപ്പെട്ട വൃത്തം, ഇതാണ് വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്. മദിരാസിപ്പട്ടണം, കിരീടം, ദൈവത്തിരുമകള്‍, തലൈവാ എന്നീ സിനിമകളിലൂടെ തമിഴില്‍ പേരെടുത്ത സംവിധായകനാണ് എ എല്‍ വിജയ്. കഴിഞ്ഞ കുറേ ചിത്രങ്ങള്‍ പരാജയമായിരുന്നെങ്കിലും തമിഴില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധായകരിലൊളാണ് വിജയ്. പിറക്കാതെ പോയ കുഞ്ഞിനെ സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍.
തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്. നാഗ ശൗര്യയാണ് നായക കഥാപാത്രം. യെന്തിരന്‍ രണ്ടാം ഭാഗമായ 2.0, വിജയ് ചിത്രം കത്തി എന്നിവ നിര്‍മ്മിച്ച ലൈക്കാ പ്രൊഡക്ഷന്‍സാണ് കരു നിര്‍മ്മിച്ചിരിക്കുന്നത്. ജയം രവി നായകനായ വനമകന്‍ എന്ന ചിത്രത്തിന് ശേഷം എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രവുമാണ് കരു. ജൂണ്‍ 23നാണ് വനമഗന്‍ റിലീസ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചാര്‍ലി തമിഴ് റീമേക്കിലും സായ് പല്ലവിയാണ് നായിക. മാധവനാണ് ദുല്‍ഖര്‍ സല്‍മാന്റെ റോളില്‍ തമിഴിലെത്തുന്നത്.
https://www.facebook.com/Malayalivartha