പ്രതിപക്ഷത്തിന്റെ കാണപ്പെട്ട ദൈവമായി പിസി ജോര്‍ജ് മാറിയതെങ്ങനെ? ശതകോടീശ്വരനായ അനന്ത പത്ഭനാഭന്റെ നാട്ടില്‍ പതിനായിരം കോടിയുള്ള സരിതയെ പ്രതിപക്ഷത്തിന് നല്‍കി, മാത്രമല്ല കുറച്ചു വമ്പന്‍മാരേയും

ഇപ്പോള്‍ പിസി ജോര്‍ജാണ് പ്രതിപക്ഷത്തിന്റെ കാണപ്പെട്ട ദൈവം. കുറേ നാളുകളായി ഇടതുപക്ഷത്തിനു ഭരണപക്ഷത്തിനെതിരെ കാര്യമായ ഒരു കച്ചിത്തുരുമ്പും കിട്ടിയിരുന്നില്ല. ടിപി വധവും അതു തുടര്‍ന്നുണ്ടായിരുന്ന കോലാഹലവും ഇടതുമുന്നണിയെ പ്രത്യേകിച്ചും സി.പി.എമ്മിനെ തച്ചുടച്ചു കളഞ്ഞിരുന്നു. ഇവിടെ നിന്നും അടുത്തകാലത്തൊന്നും പാര്‍ട്ടിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പാര്‍ട്ടി അനുഭാവികള്‍ പോലും വിശ്വസിച്ചിരുന്നു. ഇതിനിടയ്‌ക്ക് ഒന്നു ജീവന്‍ വച്ചപ്പോഴാണ് സര്‍ക്കാരിനെ മറിച്ചിടാനുള്ള ഒരവസരവും പാഴാക്കില്ലെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചത്. പക്ഷേ അതിനും തണുത്ത പ്രതികരണമായിരുന്നു. ഉടനൊന്നും മറിച്ചിടണ്ട. മറിച്ചിട്ടാല്‍ ഇലക്ഷന്‍ വന്നാല്‍ കരകയറാന്‍ ഒന്നു വിയര്‍ക്കും. മാത്രമല്ല മണ്ണും ചാരിയിരിക്കുന്ന വിഎസ് തന്നെ മുഖ്യമന്ത്രിയും കൊണ്ടു പോകും. അതിനെക്കാളും നല്ലത് ഇപ്പോഴത്തെ ഭരണം തുടരട്ടെ.
ഈ ഒരു ചിന്തയില്‍ ഇടതുപക്ഷം ആലസ്യത്തോടെ സസുഖം വാഴുന്ന സമയം. കുട്ടിനേതാക്കള്‍ക്കാണെങ്കില്‍ ഒന്നുരണ്ട് കല്ലേറും രണ്ടുനാല് ലാത്തിച്ചാര്‍ച്ചു കൊണ്ടിട്ടുമുള്ള കാലം കഴിഞ്ഞു. ഇതിനിടയ്‌ക്ക് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടയൊരുക്കമായി. ഒന്നിച്ചുതുടങ്ങിയ കേരളയാത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍ ഇംഗ്ലീഷിലെ രണ്ടക്ഷരമായി മാറി. അങ്ങനെ മലയാളികള്‍ക്ക് എവിടയോവച്ച് നഷ്‌ടപ്പെട്ടുപോയ എ. ഐ. എന്നീ രണ്ടുഅക്ഷരങ്ങള്‍ വീണ്ടും തിരിച്ചുകിട്ടി. ഇതിലും ഇടതുമുന്നണിക്ക് വലിയ റോള്‍ ഇല്ലായിരുന്നു. അവര്‍ സ്വയം തകരുന്നെങ്കില്‍ നോക്കാമെന്നുള്ള ഒരു ഉഴപ്പന്‍ മട്ട്. 18 വര്‍ഷത്തെ അനുഭവങ്ങള്‍ ചെന്നിത്തല ആദ്യം പറയട്ടെ. അത്‌കേട്ട് വല്ലാ ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്ത്, ശേഷിച്ച നാള്‍ കഴിച്ചുകൂട്ടാം എന്നായിരുന്നു പല നേതാക്കളുടേയും ചിന്ത.
ഭരണ പക്ഷത്തിനും മടുത്തു. നല്ലൊരു സമരം കണ്ടിട്ടു തന്നെ നാളായി. അല്ലങ്കില്‍ തന്നെ കേരളത്തിലൊരു ചൊല്ലുണ്ട്. സമരം ചെയ്‌ത് ഭരിപ്പിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന്. നാട്ടില്‍ സമരം ചെയ്യാന്‍ കഴിവുള്ള കുട്ടി നേതാക്കന്മാരുടെ കാലം കഴിഞ്ഞോ എന്നു പോലും അവര്‍ ചിന്തിച്ചു പോയി. അറിയാതെ പ്രാര്‍ത്ഥിച്ചും പോയി.
ദൈവം വിളി കേട്ടു. അപ്പോഴാണ് അതാ സര്‍വ്വാഭരണ വിഭൂഷിതയായി ശതകോടീശ്വരനായ അനന്ത പത്ഭനാഭന്റെ നാട്ടില്‍ സോളാര്‍ പ്രഭയുമായി സരിത എസ് നായര്‍ എന്ന ഭൂലോക സുന്ദരി അവതരിച്ചത്.
തുടക്കത്തില്‍ പ്രതിപക്ഷത്തിന് ഇതില്‍ വലിയ താല്‍പര്യം തോന്നിയില്ല. മാത്രമല്ല ആദ്യമൊന്നും സരിതയുടെ ഗ്ലാമര്‍ അവര്‍ക്ക് പിടികിട്ടിയതുമില്ല. കേവലം ഒരു പെണ്ണു കേസ്. വെറുതേ എന്തിനാ അതിന്റെ പുറകില്‍ പോയി നാറുന്നത്. അപ്പോഴേക്കും സാഹചര്യങ്ങള്‍ ഒത്തുവന്നു. ചാനലുകളിലൂടെ സരിതയുടെ വിരഗാഥകള്‍ പുറത്തു വന്നു. എണ്ണമറ്റ മന്ത്രിമാരും. എന്തിന്, പിസി ജോര്‍ജുവരെ ആ പട്ടികയില്‍ നിരന്നു നിന്നു. അതോടെ പിസിയും ഒന്നു സടകുടഞ്ഞ് എഴുന്നേറ്റു. ഒരു രണ്ടാം വധത്തിനെന്ന പോലെ. എന്റെ നെഞ്ചില്‍ ചാരി നിന്ന് ഫോട്ടോയെടുക്കാന്‍ മറ്റവന്‍ പറഞ്ഞയച്ചു. പക്ഷെ ദൈവം തമ്പുരാന്‍ ഉള്‍വിളിതന്നു. മറ്റവന്‍ ആരെന്ന് പിസി മറച്ചു വച്ചില്ല. സാക്ഷാല്‍ ഗണേഷ്‌കുമാര്‍. സ്‌ത്രീകളെ ഇത്രയും ആരാധനയോടെ കാണുന്ന ഒരു മന്ത്രിയെ ആണല്ലോ നമുക്ക് നഷ്‌ടപ്പെട്ടത് എന്ന കുറ്റബോധം മാത്രം. കുടുംബപ്രശ്‌നങ്ങള്‍ നോക്കാന്‍ മുന്നില്‍ മുഖ്യമന്ത്രിതന്നെ ഉള്ളപ്പോള്‍ പിന്നെന്തിനാ പിസിയ്‌ക്ക് മാത്രം, ഒരു ഇത്.
പിസി ജോര്‍ജിന് സരിതയെ എത്ര വാഴ്‌ത്തിയിട്ടും ഉറക്കം വന്നില്ല. 10,000 കോടിയുടെ തട്ടിപ്പ് ഉടമ. വമ്പന്‍ സ്രാവുകള്‍ കുടുങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളന്മാര്‍ കയറി. ഇങ്ങനെ പരമാവധി മുഖ്യമന്ത്രിക്ക് ഇട്ട് പണി കൊടുത്തിട്ട് അവസാനം ഒരു തലോടല്‍കൂടി നല്‍കും. മുഖ്യമന്ത്രി ലോകത്തിലേക്കും കണ്ട നല്ല മനുഷ്യന്‍.
ഇത്രയൊക്കെ ആയപ്പോള്‍ ഇടതുപക്ഷം ഏറ്റെടുത്തു, സരിതയെ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന മട്ടില്‍. പക്ഷെ അവര്‍ നന്ദികേടു കാട്ടിയില്ല. പിസി ജോര്‍ജിനെ വേണ്ടുവോളം ആദരിച്ചു. പിസി ജോര്‍ജ് പറഞ്ഞ 10,000 കോടി അന്വേക്ഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പോലും പറയുന്നത്. പിസിയുടെ വയറു നിറച്ച് ബുദ്ധിയാണെന്ന് വിഎസ് സുനില്‍കുമാര്‍ പോലും പറഞ്ഞു കഴിഞ്ഞു.
ഇടയ്‌ക്ക് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പിസി പറയുമെങ്കിലും ഇപ്പോഴും പിസി ഉറപ്പിച്ചു പറയുന്നത്, 10,000 കോടിയുടെ അഴിമതി നടന്നു എന്നാണ്. വന്‍ സ്രാവുകളെന്നു പറഞ്ഞിട്ടില്ല, അതില്‍ വമ്പന്‍മാര്‍ കുടുങ്ങും. എല്ലാ തെളിവുകളും നല്‍കുകയും ചെയ്യും.
ഇനി അഥവാ പിസി ഒന്നും നല്‍കിയില്ലെങ്കില്‍ തന്നെ പിസിയോട് ഇടതുപക്ഷത്തിന് നന്ദിയേ ഉള്ളൂ, കാരണം പ്രതിപക്ഷത്തിനൊപ്പം നിന്നതിന്. മാത്രമല്ല ഉറങ്ങിക്കിടന്ന വാക്കൗട്ടിനേയും ലാത്തിച്ചാര്‍ജ്ജിനേയും എല്ലാം ഓര്‍മ്മിപ്പിച്ചതിനും.
https://www.facebook.com/Malayalivartha