പോലീസുകാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല... കിഴക്കേക്കോട്ട വാഹനാപകടത്തില്‍ പ്രചരിച്ചത് ഡ്രൈ ഡേയിലെ ബ്രേക്കിംഗ് ന്യൂസിനു വേണ്ടിയുള്ള മത്സരമോ?

കിഴക്കേക്കോട്ടയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന് മധ്യവയസ്‌കന്‍ മരണമടഞ്ഞ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന വാദം ശക്തമാകുന്നു. മൂന്നു നാല് മിനിറ്റ് മാത്രമുള്ള വീഡിയോ ഉപയോഗിച്ചാണ് ചാനലുകാര്‍ ഇന്നലത്തെ ഡ്രൈയായ ഞായറാഴ്ചയില്‍ റേറ്റിംഗ് ഉയര്‍ത്തിയത് എന്നാണ് പുതിയ ആരോപണം.
ഐഎസ്ആര്‍ഒ യുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നാടോടി മധ്യവയസ്‌കന്റെ ദയനീയാവസ്ഥ ലോകം മൊത്തം ചര്‍ച്ചചെയ്തു. ആ വീഡിയോയില്‍ രണ്ടു പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കുന്നതും കാണാമായിരുന്നു. ഇതാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചത്. ആരോരുമില്ലാത്തവനാണെങ്കിലും അയാളും മനുഷ്യനല്ലേ... നാളെ നമ്മുടേയും ഗതിയിതാണ്. അര മണിക്കൂറോളം ആമ്പുലന്‍സിനായി അയാളെ റോഡില്‍ കിടത്തി എന്ന ഗുരുതരമായ കുറ്റമാണ് പോലീസിനെതിരെ ഉന്നയിച്ചത്. വാഹനങ്ങള്‍ തുരുതുരെ പാഞ്ഞിരുന്ന സ്ഥലത്ത് ഏതെങ്കിലും വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാമായിരുന്നില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം.
ഈ ചോദ്യത്തിന് ഉത്തരം ഇല്ലാതെ തന്നെയാണ് ഡിജിപി ടി.പി. സെന്‍കുമാര്‍ നടപടിയെടുക്കുമെന്ന് ഉടന്‍ പ്രഖ്യാപിച്ചത്. അതിനായി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ബോധ്യമായി.
അതിനായി അവര്‍ പറയുന്ന കാര്യം ഇതാണ്. രാവിലെ 10.28 നാണ് പോലീസ് ഉദ്യോഗസ്ഥന്‍ വയര്‍ലസിലൂടെ കണ്‍ട്രോള്‍ റൂമില്‍ അപകടത്തെക്കുറിച്ച് അറിയിച്ചത്. ഇത് കണ്‍ട്രോള്‍ റൂമിലെ വയര്‍ലസ് രജിസ്റ്ററില്‍ നിന്നും വ്യക്തമാണ്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച സമയം 10.40 നാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. കമ്പ്യൂട്ടറൈസിഡ് ഒ.പി. ടിക്കറ്റിലെ സമയം 10.40 ആണ്. അതായത് അപകടം നടന്ന് 12 മിനിറ്റിനകം മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ എത്തിക്കാനായെന്ന് ചുരുക്കം.
കണ്‍ട്രോള്‍ റൂമില്‍ പോലീസ് വിവരം അറിയിച്ച ഉടന്‍ കണ്‍ട്രോള്‍ റൂം വാഹനവും പുറകെ ആമ്പുലന്‍സും എത്തിക്കാനായെന്നാണ് പോലീസ് പറയുന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റതിനാലാണ് തൊട്ടു പുറകേയുള്ള ആമ്പുലന്‍സില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു പോയതെന്നും പറയുന്നു.
അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവരുമ്പോള്‍ പള്‍സും ബിപിയും തീരെ താഴ്ന്ന നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ധാരാളം രക്തവും നഷ്ടപ്പെട്ട് അബോധാവസ്ഥയിലുമായിരുന്നു.
വിദഗ്ധ പരിശോധനയില്‍ ഇടതു കാലിന് പൊട്ടലും വലത്തേ കാലിലും ശരീരത്തിലും മുറിവുകളും ഉണ്ടായിരുന്നതായി കണ്ടെത്തി. അടിയന്തിരമായി ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും രോഗിയുടെ ആരോഗ്യനില പരിഗണിച്ച് അത് നടത്താനായില്ല. തുടര്‍ന്ന് ഓര്‍ത്തോ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയും 12.30ന് മരണമടയുകയും ചെയ്തു.
റെക്കോഡിലുള്ള ഈയൊരു സമയത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പോലീസുകാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്. എന്തായാലും ഈയൊരു സംഭവത്തോടെ പോലീസുകാര്‍ കൂടുതല്‍ ജാഗരൂഗരായി സാധാരണക്കാര്‍ക്കായി ഇടപെടാനുള്ള വേദിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha