കുഞ്ഞുങ്ങളിലെ കഫക്കെട്ട്

അണുബാധകൊണ്ടുള്ള കഫക്കെട്ട് ഗുരുതരമാവുന്നത് നവജാതശിശുക്കളിലാണ് . പലപ്പോഴും നിസ്സാരമായി ഈ പ്രശ്‌നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.ശ്വാസപഥങ്ങളില്‍ ജന്മനായുണ്ടാകുന്ന വൈകല്യങ്ങള്‍, ജന്മനായുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, അപൂര്‍വമായ ജനിതക രോഗങ്ങള്‍, ശ്വാസനാളങ്ങളില്‍ അന്യവസ്തുക്കള്‍ കുടുങ്ങിക്കിടക്കുന്നതുകൊണ്ടുണ്ടാകുന്ന തടസ്സം എന്നിവയും തുടരെത്തുടരെയുണ്ടാകുന്ന കഫക്കെട്ടിന് കാരണമാകാം. ചുമ, പനി, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് കഫക്കെട്ടിന്റെ പ്രധാന ലക്ഷണങ്ങള്‍.
നവജാതശിശുക്കളില്‍ ഈ ലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണണമെന്നില്ല. ശ്വാസോച്ഛാസത്തിന്റെ വേഗമാണ് ശ്രദ്ധിക്കേണ്ടത്. കുട്ടി ഒരു മിനുട്ടില്‍ എത്ര തവണ ശ്വാസംകഴിക്കുന്നുണ്ടെന്ന് തിട്ടപ്പെടുത്തുക. മലര്‍ന്നുകിടക്കുമ്പോള്‍ കുട്ടിയുടെ വയറ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കുക. രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടി 60 തവണയില്‍ കൂടുതല്‍ ശ്വസിക്കുന്നുണ്ടെങ്കില്‍ ന്യൂമോണിയ ഉണ്ടെന്നു കരുതണം. രണ്ടു മുതല്‍ 12 മാസം വരെ 50ല്‍ കൂടുതലും ഒന്നു മുതല്‍ അഞ്ചു വയസ്സുവരെ 40ല്‍ കൂടുതലും തവണ ശ്വസിക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധ ചികിത്സ തേടണം.
എല്ലാ കഫക്കെട്ടും ഇതുപോലെ ഗുരുതരമാകണമെന്നില്ല. തൊണ്ടയിലോ മൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്റെ സാന്നിധ്യം പോലും കുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. ഇത് ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്നഒന്നാണ് . അതേസമയം, കഫക്കെട്ടിന്റെ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.
രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും അലര്‍ജിമൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്റെ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്റെ ചെറുത്തുനില്‍പിന്റെ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്.
അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്റെയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം. അലര്‍ജികൊണ്ടുള്ള ചുമയുടെ ചികിത്സയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ശ്വാസംമുട്ടലും ചുമയും താത്കാലികമായി ശമിപ്പിക്കുവാന്‍ നെബുലൈസേഷനും മരുന്നുകളും വേണ്ടിവരും.ഇത് ആവര്‍ത്തിച്ചു വരുന്നത് തടയാന്‍ പ്രതിരോധ ചികിത്സ വേണം. അനുയോജ്യമായ കഫ് സിറപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
കാരണമറിയാതെ കഫ് സിറപ്പുകള്‍ വാങ്ങിക്കഴിക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഇത് പല തരത്തില്‍ അപകടകരമാണ്. രോഗകാരണം അറിയാന്‍ വൈകിപ്പോകുമെന്നതു തന്നെ പ്രധാനപ്പെട്ടത്. ചില കഫ് സിറപ്പുകളില്‍ ആല്‍ക്കഹോളുണ്ട്. ഇതും അപകടമാണ്. ആന്റിഹിസ്റ്റമിനുകള്‍ മയക്കത്തിനു കാരണമാവുന്നു. കൊഡീന്‍ മലബന്ധവും ഫിനൈല്‍ പ്രാപ്‌നോളമിന്‍ അമിതരക്തസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം പിന്നെയും ഉയരാനിടയാക്കുന്നു.
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതുവഴി കഫക്കെട്ടും ചുമയും ഗണ്യമായി കുറയ്ക്കാം. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ്. ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക. രണ്ടു വയസ്സുവരെ മുലയൂട്ടല്‍ തുടരുന്നതാണ് അഭികാമ്യം.പശുവിന്‍ പാല്‍ ചില കുട്ടികള്‍ക്ക് അലര്‍ജി ആയിരിക്കും.
പശുവിന്‍ പാല്‍ കൊടുക്കേണ്ട സന്ദര്‍ഭത്തില്‍ നല്ല പോലെ നേര്‍പ്പിച്ച് കൊടുക്കണം. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ് പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.
കഴിയുന്നതും ഇരുന്ന് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്‌റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടും ചെവിവേദനയും ഉണ്ടായേക്കാം.
പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ അണുബാധയും അലര്‍ജിയും കണ്ടുവരാറുണ്ട്.നവജാത ശിശുക്കള്‍ക്ക് തൂക്കം കുറയുമ്‌ബോഴാണ് ന്യുമോണിയയും അണുബാധകൊണ്ടുള്ള മറ്റു രോഗങ്ങളും കൂടുതലായി കാണുന്നത്. ഗര്‍ഭിണികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കിയാല്‍ കുട്ടികളുടെ തൂക്കം കൂടും. അതുവഴി രോഗങ്ങള്‍ തടയാം.
ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്റെ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള ഊഷ്മാവിന്റെ വ്യതിയാനം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം.
ചെറിയകുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക് ഉണരുക, നിരന്തരം കരയുക, ശോധന കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്‍സ തേടേണ്ടതാണ്.
കഫക്കെട്ടിനും ഇടക്കിടെയുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും അലോപ്പതിക്കു പുറമെ ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും ഫലപ്രദമായ ചികില്‍സയുണ്ട്.
https://www.facebook.com/Malayalivartha