യോഗയിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാം
കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു ധാരാളം യോഗാസനങ്ങള്‍ സഹായിക്കുന്നുണ്ട്. അര്‍ധചക്രാസനം, വീരഭദ്രാസനം, സൂര്യനമസ്‌കാരം, ഏകപാദ ഉഥാനാസനം, ദ്വിപാദഉഥാസനം, പവനമുക്താസനം, ഭുജംഗാസനം, ശലഭാസനം, ധനുരാസനം, പശ്ചിമോഥാസനം, വിപരീതകരണി, അര്‍ധമത്സ്യേന്ദ്രാസനം, കപാലഭാതി, പ്രാണായാമം, ശവാസനം എന്നിവ പ്രധാനം.
ഭുജംഗാസനം, ധനുരാസനം, ശലഭാസനം തുടങ്ങിയ ആസനപരിശീലനത്തിലൂടെ പുറംപേശികള്‍ക്ക് നല്ല സങ്കോചവികാസം ലഭിക്കുന്നു. വയറിനുള്ളിലെ അവയവങ്ങള്‍ക്കു നല്ല മസ്സാജിങ് കിട്ടുന്നു. കരള്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നു. ഇതു കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായകമാകുന്നു.
കപാലഭാതി, പ്രാണായാമം എന്നിവ മനസ്സിനെ വളരെ ശാന്തമാക്കുന്നു. ശവാസന പരിശീലനം ശരീരത്തിനും മനസ്സിനും പൂര്‍ണ വിശ്രമം നല്‍കുന്നു. മാനസികസംഘര്‍ഷം ഇതു വഴി ലഘൂകരിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യുന്ന ആസനങ്ങള്‍ വിശദമായി അറിയാം.
അര്‍ധചക്രാസനം
കാലുകള്‍ അല്പം അകലത്തില്‍ വച്ചു നിവര്‍ന്നു നില്‍ക്കുക. കൈവിരലുകള്‍ താഴോട്ടാക്കി അരക്കെട്ടിന്റെ പിന്‍ഭാഗത്തു വയ്ക്കുക. ശ്വാസം എടുത്തു പിന്നിലേക്കു വളയുക. ശ്വാസം വിട്ടു കൊണ്ടു മുന്നോട്ടു വളയുക. നേരേ മുന്‍വശത്തേക്കു നോക്കുക. അരക്കെട്ട് നല്ലതുപോലെ മടക്കുക.
അഞ്ചു തവണ ആവര്‍ത്തിക്കുക.
വീരഭദ്രാസനം
കാലുകള്‍ നല്ലപോലെ അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ സമാന്തരമായി ഉയര്‍ത്തുക. ശ്വാസം വിട്ടു കൊണ്ടു വലതുവശത്തേക്കു തിരിഞ്ഞു കൈകള്‍ ചേര്‍ത്തു മുകളിലേക്ക് ഉയര്‍ത്തുക. വലതു കാല്‍മുട്ടു മടക്കണം. ശ്വാസം എടുത്ത്
ആദ്യത്തെ അവസ്ഥയിലേക്കു വരിക. ഇടതു വശത്തേക്കും ഇതേപോലെ പരിശീലിക്കുക. അഞ്ചു തവണ.
അര്‍ധമത്സ്യേന്ദ്രാസനം
കാലുകള്‍ നീട്ടി ഇരിക്കുക. വലതു കാല്‍മുട്ടു മടക്കി ഇടതുതുടയുടെ താഴെ പതിക്കുക. ഇടതുകാല്‍ മുട്ടു മടക്കി കുത്തനെ വലതു കാല്‍മുട്ട് കവച്ചു വയ്ക്കുക. വലതുകൈ കക്ഷത്തിലേക്ക് ഇടതുകാല്‍മുട്ട് വച്ച് ഇടതുപാദത്തില്‍ വയ്ക്കുക. ഇടതുകൈ പിന്നില്‍ നിലത്തു പതിക്കുക.
പറ്റുമെങ്കില്‍ ഇടതുകൈ വലതുതുടയുടെ ആരംഭത്തില്‍ പതിക്കുക. ഇടതുവശത്തിലൂടെ പിന്നോട്ടു തിരിഞ്ഞു നോക്കുക. സാധാരണ ശ്വാസഗതി. മറുഭാഗവും ചെയ്യുക. രണ്ടു തവണ.
ശലഭാസനം
കമഴ്ന്നു കിടക്കുക. കൈകള്‍ മലര്‍ത്തി തുടകളുടെ അടിയില്‍ വയ്ക്കുക. ശ്വാസം എടുക്കുക. തുടര്‍ന്ന് കാല്‍ ഉയര്‍ത്തുക. താടി തറയില്‍ പതിഞ്ഞിരിക്കണം. കാലുകള്‍ താഴ്ത്തുക. അതിനുശേഷം ശ്വാസം പുറത്തുവിടുക. നാലു തവണ പരിശീലിക്കുക. ഉയര്‍ന്ന രകതസമ്മര്‍ദം, ഹൃദ്രോഗം, നടുവേദന എന്നിവയുള്ളവര്‍ ഓരോ കാല്‍ മാത്രം പരിശീലിക്കുക. ഓരോ കാല്‍ ഉയര്‍ത്തുന്നവര്‍ കൈകള്‍ ശരീരത്തിനിരുഭാഗത്തും മലര്‍ത്തിവയ്ക്കുക. ശ്വാസം എടുത്ത് വലതുകാല്‍ ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു കാല്‍ താഴ്ത്തുക. ഇടതുകാലും പരിശീലിക്കുക. അഞ്ചു തവണ.
പാര്‍ശ്വത്രികോണാസനം
കാലുകള്‍ അകലത്തില്‍ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ ഭൂമിക്കു സമാന്തരമായി ഉയര്‍ത്തുക. ശ്വാസം വിട്ടുകൊണ്ടു വലത്തേക്കു ചരിഞ്ഞ് വലതുകൈ താഴ്ത്തുക. കൈ തറയിലോ പാദത്തിലോ പതിക്കുക. ഇടതുകൈ ഇടതുചെവി തൊടുവിച്ചു നീട്ടിവയ്ക്കുക. ശ്വാസം എടുത്ത് ഉയരുക. ഇടതുവശത്തേക്കും
ഇതേപോലെ ചെയ്യുക. അഞ്ചു തവണ.
പശ്ചിമോത്ഥാനാസനം
മലര്‍ന്നു കിടന്നു കാലുകള്‍ ചേര്‍ത്തു വച്ചു കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും താഴ്ത്തി കമഴ്ത്തിവയ്ക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ ഉയര്‍ത്തി തലയുടെ പിന്‍ഭാഗത്തു തറയില്‍ പതിക്കുക. ശ്വാസംവിട്ടുകൊണ്ടു തലയും കൈകളും ഉയര്‍ത്തി കാല്‍മുട്ടിനടുത്ത് പതിച്ചു വിരലുകളില്‍ പിടിക്കുക.
ശ്വാസം എടുത്തു കയ്യും തലയും ഉയര്‍ത്തി കിടക്കുക. കൈ തലയുടെ പിന്‍ഭാഗത്തേക്കു നീട്ടിവയ്ക്കുക. ശ്വാസംവിട്ട് കൈ താഴ്ത്തി ആദ്യത്തെ അവസ്ഥയില്‍ സ്ഥിതി ചെയ്യുക. നാലോ അഞ്ചോ തവണ പരിശീലിക്കുക.
ശവാസനം (വിശ്രമം)
ശരീരത്തിനും മനസ്സിനും പൂര്‍ണവിശ്രമം കിട്ടുന്ന ശവാസനം പരിശീലിക്കാം. അഞ്ചോ പത്തോ മിനിറ്റ് ഇത് ചെയ്യണം. മലര്‍ന്നു കിടക്കുക. കണ്ണുകള്‍ അടച്ച് ഇരുകൈകളും അരക്കെട്ടിനിരുവശത്തുമായി
തറയില്‍ കൈപ്പത്തി മലര്‍ത്തി അയച്ചിടുക. കാലുകള്‍ ഒരടി അകലത്തില്‍ വയ്ക്കുക. ശരീരത്തിന്റെ ഓരോ അവയവങ്ങളും കാല്‍വിരലുകള്‍ മുതല്‍ മുകളിലേക്ക് അയഞ്ഞുവരുന്നതായി സങ്കല്പിക്കുക. ശേഷം സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക. നല്ല വിശ്രമാവസ്ഥ ലഭിക്കുന്നതായി അറിയുക. മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതില്ല. എഴുന്നേറ്റിരുന്നു സാധാരണ ശ്വാസഗതി ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha