വന്ദേ ഭാരത്; പ്രവാസികളുമായി കേരത്തിലേക്ക് ഇന്ന് ആറ് വിമാനങ്ങൾ, നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രവാസിളെയും വഹിച്ചുകൊണ്ടുള്ള ആറു വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോർട്ട്. ലഭ്യമാകുന്ന വിവരം അനുസരിച്ച് ദുബായ് - കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത് - തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല - കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ് - കണ്ണൂര്‍, മസ്‌കറ്റ് - കണ്ണൂര്‍, മസ്‌കറ്റ് - കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസ് നിശ്ചയിച്ചിട്ടുള്ളത്.
അതോടൊപ്പം തന്നെ ദമാമില്‍നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകുകയും ചെയ്യും. മസ്‌കറ്റില്‍നിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസര്‍വീസുകളുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉള്ളതായി റിപ്പോർട്ട്. നിശ്ചയിച്ചിട്ടുള്ള സമയക്രമങ്ങളില്‍ മാറ്റങ്ങളുണ്ടാകാം.
അതേസമയം വന്ദേഭാരത് ദൗത്യത്തില്‍ ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തില്‍നിന്നു കണ്ണൂരിലേക്കു പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്. 790ല്‍ 10 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 188 യാത്രക്കാര്‍ മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42നാണ് ഈ വിമാനം കുവൈറ്റിൽ നിന്നും പുറപ്പെട്ടത്.
തുടർന്ന് ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്. 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40നാണ് പുറപ്പെട്ടത്. 180തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ് - കോഴിക്കോട് എയര്‍ഇന്ത്യ എ.ഐ. 1906 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേര്‍ എത്തിച്ചേരുകയുണ്ടായി. ദമാം - കൊച്ചി എയര്‍ഇന്ത്യ എ.ഐ. 1908 വിമാനത്തില്‍ 143 പേരാണ് നാട്ടിലേക്ക് എത്തിയത്. എന്നാൽ ഇവർ എത്തിച്ചേർന്നയുടൻ തന്നെ വിമാനത്താവളങ്ങളിലൊന്നും കോവിഡ്19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, തെര്‍മല്‍ സ്‌കാനിങ് നടന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha
























