യുഎഇയുടെ ആ നീക്കം; ചരിത്രം കുറിച്ച നിമിഷത്തിലേക്ക് അറബ് രാഷ്ട്രം, ഇസ്രായേല്‍ - യുഎഇ കരാറിനോട് ലോക നേതാക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം, പലസ്തീന്‍ സംഘടനകളും ഇറാനും കരാറിനെ എതിര്‍ത്ത് രംഗത്ത്

ഇന്നലെ ലോകം ഏറെ ചർച്ച ചെയ്ത വാർത്തയാണ് ഇസ്രായേല്‍ - യുഎഇ കരാർ. എന്നാൽ ഇതിനോട് ലോക നേതാക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. പലസ്തീന്‍ സംഘടനകളും ഇറാനും കരാറിനെ എതിര്‍ത്ത് രംഗത്തുവന്നപ്പോള്‍ ചില അറബ്-മുസ്ലിം രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും സ്വാഗതം ചെയ്തതായാണ് റിപ്പോർട്ട്.
ജറുസലേമിനെയും അല്‍ അഖ്‌സയെയും പലസ്തീന്റെ അവകാശങ്ങളെയും വഞ്ചിക്കുകയാണ് കരാറിലൂടെ ചെയ്തിരിക്കുന്നതെന്നുമായിരുന്നു പലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചിരുന്നത്. ആയതിനാൽ തന്നെ കരാറിനെ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. പലസ്തീന്‍ ജനങ്ങളുടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കുന്ന കരാറാണിത്. സിയോണിസ്റ്റ് താല്‍പ്പര്യങ്ങളാണ് കരാര്‍ സംരക്ഷിക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശം ശക്തിപ്പെടുത്താന്‍ മാത്രമേ കരാര്‍ ഉപകരിക്കൂ എന്നും ഹമാസ് വക്താവ് ഹാസിം ഖാസിം വെളിപ്പെടുത്തുകയുണ്ടായി.
എന്നാൽ കരാറിനെ ജോര്‍ദാന്‍ അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. നിലച്ചുപോയ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇതുവഴി സാധിക്കുന്നതാണ്. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിച്ചാല്‍ മേഖല സമാധാനത്തിലേക്ക് നീങ്ങുമെന്നും അല്ലെങ്കില്‍ മേഖല നശിക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമന്‍ സഫാദി പറയുകയുണ്ടായി. അതേസമയം കരാറിനെ എതിര്‍ത്ത് തീവ്ര ജൂത സംഘടനകള്‍ രംഗത്തുവന്നു. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. കരാര്‍ പ്രകാരമായിരിക്കും ഈജിപ്ത് ഇനി മുന്നോട്ടുപോകുക എന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സിസി വ്യക്തമാക്കി.
ഒപ്പം പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാന്‍ അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ ബഹ്‌റൈന്‍ അഭിനന്ദിക്കുകയും ചെയ്തു. ഇതേതുടർന്ന് ബ്രിട്ടനും ഫ്രാന്‍സും കരാറിനെ സ്വാഗതം ചെയ്തു. നല്ല വാര്‍ത്തയാണ് വന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കൈയ്യേറ്റം ഇസ്രായേല്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞത്. കൈയ്യേറ്റ മേഖലയിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് സമാധാനത്തിന്റെ സൂചനയാണെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























