2019 ലെ അവസ്ഥയിലേക്ക് പോകണമെങ്കിൽ 2024 വരെ കാത്തിരിക്കണം; കോറോണയിൽ താറുമാറായി ഗൾഫ് മേഖല, പ്രവാസികൾക്ക് തലവേദന

കൊറോണ വ്യാപനത്തിനുപിന്നാലെ ഏറെ പ്രതിസന്ധി നേരിട്ട മേഖലയാണ് വ്യോമഗതാഗതം. ആകാശത്ത് പറക്കാനാകാതെയും നിലത്ത് കിടക്കാനാകാതെയും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടത് മാത്രമല്ല മൈന്റെനൻസ് ചെലവുകൾ വേറെ. വിനോദ സഞ്ചാരങ്ങളിലൂടെയും പ്രവാസികൾ മുഖേനെയും സാമ്പത്തിക രംഗത്തെ പരിപോഷിപ്പിക്കുന്ന പ്രവാസ മേഖലയ്ക്ക് ഇത് നൽകിയത് കടുത്ത പ്രതിസന്ധിയാണ്.
അത്തരത്തിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തേക്ക് വരുന്നത്. മധ്യപൂർവദേശത്ത് വ്യോമമേഖല അടുത്ത വർഷം 45% കോവിഡിനു മുൻപുള്ള അവസ്ഥ കൈവരിക്കുമെന്ന് അയാട്ട (ദ് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട് അസോസിയേഷൻ) റിപ്പോർട്ട് പുറത്ത്. മേഖലയിലേക്കും പുറത്തേക്കുമായി 9 കോടി യാത്രക്കാർ അടുത്തവർഷം സഞ്ചരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം 2019 ലെ അവസ്ഥയിലേക്ക് പോകണമെങ്കിൽ 2024 വരെ കാത്തിരിക്കണമെന്നും ഇ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ വിചാരിച്ചതിനെക്കാൾ സാവധാനത്തിലാണു മേഖലയുടെ ഉയിർത്തെഴുന്നേൽപ് എന്നും റിപ്പോർട്ടിലുണ്ട്. ഒപ്പം 2019 ൽ ഉണ്ടായിരുന്നതിന്റെ 30% മാത്രമാണ് ഇപ്പോൾ യാത്രക്കാർ. 45% ഉണ്ടാകുമെന്നാണ് ജൂലൈയിൽ അയാട്ട പ്രതീക്ഷിച്ചിരുന്നത് പോലും. 2020ൽ 6 കോടി യാത്രക്കാരെയാണ് മധ്യപൂർവദേശത്ത് പ്രതീക്ഷിക്കുന്നത് എന്നും റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ വർഷം 20 കോടിയിലധികമായിരുന്നു യാത്രക്കാർ. മധ്യപൂർവദേശത്തും ഗൾഫ് മേഖലയിലുമായി വ്യോമയാന മേഖലയിലാകെ 17 ലക്ഷം തൊഴിലുകൾ നഷ്ടപ്പെടുമെന്നും അയാട്ട നേരത്തേ തന്നെ റിപ്പോർട് ചെയ്തിരുന്നു. ഇതിൽ 3,23,000 ജോലികൾ വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് മാത്രം നഷ്ടമാകുമെന്നാണ് കണക്ക്.
അതേസമയം ആഗോള തലത്തിൽ വിമാനക്കമ്പനികൾ മിനിറ്റിൽ 22 ലക്ഷത്തിലധികം രൂപയുടെ നഷ്ടം നേരിടുകയാണ്. ഒരു മാസം ഇത് തൊണ്ണൂറായിരം കോടിയിലധികം രൂപയുടെ നഷ്ടമാകുമെന്നാണ് പറയുന്നത്. ഇങ്ങനെ പോയാൽ പല കമ്പനികളും പൂട്ടേണ്ടി വരും. കോവിഡിന് വാക്സീൻ കണ്ടുപിടിച്ചാൽ പോലും മാസം നാൽപതിനായിരം കോടിയിലധികം രൂപ വിമാനക്കമ്പനികൾ ചെലവഴിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാകുകയുള്ളു.
https://www.facebook.com/Malayalivartha