യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ നിയമം ഇന്നു മുതല്‍

യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ നിയമം ഇന്ന് ആരംഭിക്കും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടര മുതല്‍ വൈകിട്ട് മൂന്നുവരെ തൊഴിലാളികളെ തുറന്നസ്ഥലങ്ങളില്‍ ജോലിചെയ്യിപ്പിക്കരുതെന്നാണു നിയമം. കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ 18 പരിശോധനാവിഭാഗത്തെ നിയോഗിച്ചതായി മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു വിഭാഗം അബുദാബിയിലും രണ്ട് ടീം അല്‍ഐനിലെ നിര്‍മാണമേഖലയിലും പരിശോധന നടത്തും.
ദുബായ് എമിറേറ്റിലെ തൊഴിലിടങ്ങള്‍ നാലുവിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ രണ്ടുവീതവും ഉമ്മുല്‍ഖുവൈനില്‍ ഒരു ടീമുമാണു പരിശോധനയ്ക്കായി നിയോഗിച്ചതെന്ന് മന്ത്രാലയത്തിലെ പരിശോധന വകുപ്പ് തലവന്‍ മാഹിര്‍ അല്‍ ഔബദ് പറഞ്ഞു. സെപ്റ്റംബര്‍ 15 നു നിയമം അവസാനിക്കുന്നതുവരെ 60,000 പരിശോധനകള്‍ക്കാണു രൂപം നല്‍കിയത്. കടുത്ത ചൂടില്‍ പണിയെടുക്കുന്നതു തടയാനായി തൊഴിലാളികള്‍ക്കു കഴിഞ്ഞ 11 വര്‍ഷമായി മന്ത്രാലയം നിര്‍ബന്ധ വിശ്രമം നല്‍കുന്നുണ്ട്.
പണിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നാണു മന്ത്രാലയ നിര്‍ദേശം. ഉഷ്ണം ഉച്ചിയിലെത്തുന്ന മൂന്നു മാസങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്നവിധം പണിയെടുപ്പിക്കരുത്. രാവിലെയും വൈകുന്നേരവുമായി തൊഴില്‍സമയം ക്രമപ്പെടുത്തണം. എന്നാല്‍ വിശ്രമം നല്‍കുന്നതിന്റെ മറവില്‍ എട്ടുമണിക്കൂറിലധികം തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുത്. 24 മണിക്കൂറിനുള്ളില്‍ എട്ടുമണിക്കൂറിലധികം തൊഴിലാളി ജോലിചെയ്യുന്നുണ്ടെങ്കില്‍ തൊഴില്‍ നിയമപ്രകാരമുള്ള അധികവേതനം നല്‍കണം.
എട്ടു മണിക്കൂറില്‍ കൂടുതലുള്ള സമയം ഓവര്‍ടൈം ആയി കണക്കാക്കണമെന്നാണു തൊഴില്‍ നിയമം. സാധാരണ വേതനവുമായി താരതമ്യം ചെയ്താണു അധികജോലിക്കുള്ള വേതനം നിശ്ചയിക്കേണ്ടത്. തൊഴിലാളികളുടെ ജോലിസമയ പട്ടിക പണിസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. അറബിക്കിലും ഇംഗ്ലിഷിലും സമയക്രമം എഴുതണം. ഇവരണ്ടും തൊഴിലാളികള്‍ക്കു വശമില്ലെങ്കില്‍ അവര്‍ക്ക് അറിയുന്ന ഭാഷയിലായിരിക്കണം തൊഴില്‍ സമയപട്ടിക തയാറാക്കേണ്ടത്. വിശ്രമസമയങ്ങളില്‍ തൊഴിലാളികള്‍ക്കു തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം.
തൊഴില്‍നിയമത്തില്‍ അനുശാസിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്കു പുറമെ സൂര്യാതപമേല്‍ക്കാതെ സംരക്ഷിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും പണിയിടങ്ങളില്‍ തൊഴിലുടമ ഒരുക്കിയിരിക്കണം. നിര്‍ജലീകരണം തടയാനായി തൊഴിലാളികളുടെ തോത് അനുസരിച്ചു ദാഹശമനികള്‍ വേണം. ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച പ്രാഥമിക ശുശ്രൂഷാ മരുന്നുകളും പണിയിടങ്ങളില്‍ സൂക്ഷിക്കണമെന്നാണു ചട്ടം. ഉച്ചവിശ്രമ നിയമം സംബന്ധിച്ചു തൊഴിലാളികള്‍ക്ക് അവബോധം വേണം. സൂര്യാതപം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വമേധയായ സ്വീകരിക്കാന്‍ അവര്‍ തയാറാകണമെന്നാണ് അധികൃതരുടെ അറിയിപ്പ്.
അരലക്ഷം ദിര്‍ഹം വരെ പിഴ രാജ്യത്തെ ഉച്ചവിശ്രമനിയമം ലംഘിക്കുന്നവര്‍ക്കു 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. നിയമം ലംഘിച്ച് എത്ര തൊഴിലാളികളെ പണിയെടുപ്പിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചായിരിക്കും പിഴസംഖ്യ. കൂടാതെ നിയമലംഘകരായ കമ്പനികളുടെ ഫയല്‍ മന്ത്രാലയത്തിലെ താണപട്ടികയിലേക്കു നീക്കും. നിയമലംഘനത്തിന്റെ സ്വഭാവം പരിശോധിച്ചാണ് ഇക്കാര്യം തീരുമാനിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha