പരിസ്ഥിതി സൗഹൃദ ഭവന നഗരം ഡെസര്‍ട്ട് റോസ് ദുബായില്‍

യു.എ.ഇ. പൗരന്മാര്‍ക്കായി ഒരുക്കുന്ന പരിസ്ഥിതി സൗഹൃദ, സ്മാര്‍ട്ട് ഭവന നഗരം 'ഡെസേര്‍ട്ട് റോസ്' പദ്ധതിയുടെ രൂപരേഖയും വിശദവിവരങ്ങളും മുനിസിപ്പാലിറ്റി പുറത്തുവിട്ടു. പദ്ധതിക്ക് ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
റുവയ്യയ്ക്കും അവീറിനുമിടയിലായി എമിറേറ്റ്‌സ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഡെസേര്‍ട്ട് റോസ് സ്ഥാപിക്കുക. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കും വിധമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. മരുഭൂമിയിലെ പുഷ്പത്തിന്റെ മാതൃകയിലായിരിക്കും നഗരത്തിലെ ഭവനസമുച്ചയങ്ങള്‍ക്ക് രൂപം നല്‍കുക.
പരിസ്ഥിതി സൗഹൃദവും 'സ്മാര്‍ട്ട്' സൗകര്യങ്ങളുള്ളതുമായ ലളിതമായ വീടുകളായിരിക്കും നഗരത്തിന്റെ സവിശേഷത. മുഖ്യ വ്യാപാര, സേവന, ഭരണകേന്ദ്രമെന്ന നിലയില്‍ ഒരു സിറ്റി സെന്ററും സ്ഥാപിക്കും. കൂടാതെ, ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തുന്ന ഇലക്ട്രോണിക് ട്രെയിന്‍ സംവിധാനവും 'ഗ്രീന്‍ ബെല്‍റ്റ്' എന്ന പേരില്‍ പ്രത്യേക കൃഷിയിടവും നഗരത്തില്‍ സ്ഥാപിക്കും. ഊര്‍ജ പുനരുത്പാദനം, മാലിന്യ സംസ്‌കരണം, മലിന ജലം പുനഃരുപയോഗപ്പെടുത്തല്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ ഡെസേര്‍ട്ട് റോസില്‍ ഉണ്ടായിരിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗവും ജല, വൈദ്യുതി ഉപഭോഗവും പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമാണെന്ന് ദാവൂദ് ആല്‍ ഹജ്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha