ഫ്ലോറൻസ് ചുഴലിക്കാറ്റിന് പിന്നാലെ ലോക ജനതയെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ്; കാറ്റഗറി അഞ്ചില്‍ ഉൾപ്പെടുന്ന ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ളത് 43 ദശലക്ഷം ആളുകളെ

അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഫ്ലോറൻസ് ചുഴലിക്കാറ്റിന് പിന്നാലെ ലോകത്തിനെത്തന്നെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ എന്ന ചുഴലിക്കാറ്റ് വീശിയടിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ദുരിതങ്ങൾ മായും മുൻപേ അടുത്ത ചുഴലിക്കാറ്റിന്റെ ഭീഷണി ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
ഹോങ്കോങ്, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ കാറ്റിന്റെ ദിശ. അതേസമയം ചുഴലി കടന്നുപോകാന്‍ സാധ്യതയുള്ള കിഴക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് 43 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണു കരുതുന്നത്.
'അതീവ അപകടകരം’ എന്ന വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റിനെ കാറ്റഗറി അഞ്ചില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വരെ വേഗത്തിലാണു ചുഴലിക്കാറ്റ് വീശുന്നത്. യുഎസിലെ നോര്‍ത്ത് കാരലൈനയിലേക്ക് അടുക്കുന്ന ഫ്‌ലോറന്‍സിനേക്കാള്‍ ശക്തിയേറിയതാണ് ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ്.
പട്ടികയില്‍ ഏറ്റവും മുകളിലുള്ള മാങ്ഖുട്ട് അപൂര്‍വ്വ ചുഴലിയാണെന്നു ബ്യൂറോ ഓഫ് മെട്രോളജി ഓസ്‌ട്രേലിയ ട്രോപിക്കല്‍ കാലാവസ്ഥാ വിദഗ്ധന്‍ ഗ്രെഗ് ബ്രൗണിങ് അഭിപ്രായപ്പെട്ടു. വലിയൊരു പ്രദേശത്തു അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുള്ളതാണ് ഈ ചുഴലിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























