യുഎസ്-ചൈന വ്യാപാര യുദ്ധത്തിൽ ലോക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമോ ? ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിര്‍ണ്ണായക പ്രഖ്യാപനം നാളെ

കുറച്ചു മാസങ്ങളായി വാക്പയറ്റുകളിലൂടെ ആരംഭിച്ച അമേരിക്ക-ചൈന വ്യാപാര യുദ്ധം കാര്യമായതോടെ ഇരു രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ വ്യാപാരയുദ്ധം നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ കൂടുതൽ മോശമാക്കുമെന്നാണ് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.
അതേസമയം യുഎസ്-ചൈന വ്യാപാര യുദ്ധത്തെ സംബന്ധിച്ച് തിങ്കളാഴ്ച്ച അമേരിക്കന്‍ പ്രസിഡന്റ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം തുടരുന്നതിനുളള നടപടികള്‍ തന്നെയാവും ട്രംപില്‍ നിന്നും ഉണ്ടാകുകയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രംപ് ഭരണകൂടം 3400 കോടി ഡോളറിന്റെ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയ തീരുമാനത്തെ ചൈന വിശേഷിപ്പിച്ചത് സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമെന്നാണ്. പ്രതീക്ഷിച്ചതുപോലെ, അമേരിക്കയുടെ തീരുമാനത്തിന്റെ പ്രഥമ പ്രത്യാഘാതം സംഭവിച്ചത് പ്രധാന ഓഹരി വിപണികൾ നഷ്ടത്തിൽ കലാശിച്ചതുകൊണ്ടാണ്. ചൈനീസ് കറൻസി യുവാന്റെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. 3400 കോടി ഡോളർ മൂല്യമുള്ള അമേരിക്കയുടെ 545 ഉൽപന്നങ്ങൾക്ക് അധിക നികുതിയേർപ്പെടുത്തി ചൈനയും തിരിച്ചടി ആരംഭിച്ചിരുന്നു.
അതേസമയം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്ല്യന്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പുതിയ താരിഫ് നിരക്കുകള്‍ ഏകദേശം 10 ശതമാനം ആയിരിക്കുമെന്നാണ് സൂചന.
എന്നാല്‍, പുതിയ നിരക്ക് 10 ശതമാനത്തിലേക്ക് കുറച്ചാല്‍ അത് അന്താരാഷ്ട്ര രംഗത്ത് നിലവില്‍ തുടരുന്ന പ്രതിസന്ധികള്‍ക്ക് ചെറിയ തോതില്‍ പരിഹാരമാകുന്ന തീരുമാനമാകും. എങ്കിലും തീരുവ പിന്‍വലിക്കാനുളള സാധ്യതകള്‍ കുറവാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയിലെ കടല്‍ വിഭവങ്ങള്‍, ഫര്‍ണിച്ചറുകള്‍, ലൈറ്റിംങ്ങ് ഉല്‍പ്പന്നങ്ങള്‍, ടയറുകള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്കുകള്‍, ബൈസൈക്കിള്‍സ്, കാര്‍ സീറ്റുകള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് തുടങ്ങിയവ പുതിയ താരിഫ് പട്ടികയില്‍ ഉള്‍പ്പെടുന്നു.
ജൂലൈയില്‍ പ്രഖ്യാപിച്ച പട്ടികയിലുണ്ടായിരുന്ന ഏതെങ്കിലും ഉത്പ്പന്നത്തിന് പുതിയ താരിഫ് നിര്‍ദ്ദേശം ബാധകമാണോ എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. ട്രംപിന്റെ പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha



























