ഇന്ത്യയുടെ നടപടി ധിക്കാരപരവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ്; സമാധാന ചര്‍ച്ചയ്ക്കായുള്ള ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടിയില്‍ നിരാശ രേഖപ്പെടുത്തി ഇമ്രാന് ഖാന്

ഇന്ത്യ-പാക് സമാധാന ചര്‍ച്ചയ്ക്കായുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടിയില്‍ നിരാശ രേഖപ്പെടുത്തി പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയുടെ നടപടി ധിക്കാരപരവും നിഷേധാത്മകവുമാണെന്ന് ഇമ്രാന് ട്വീറ്റ് ചെയ്തു. സമാധാന ചര്‍ച്ച പുനസ്ഥാപിക്കുന്നതിനുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി ധിക്കാരപരവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ്. ആഗോള കാഴ്ചപ്പാടുകളില്ലാത്ത ആളുകള്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നത് ഞാന്‍ ഇതിന് മുന്‍പും കണ്ടിട്ടുണ്ട്- ഇമ്രാന് ട്വീറ്റ് ചെയ്തു.
ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് 24 മണിക്കൂറിനകമാണ്, വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ത്യ റദ്ദാക്കിയത്. ബിഎസ്എഫ് ജവാന്റെ തലയറത്തതും കാഷ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചതുമാണു ചര്‍ച്ച റദ്ദാക്കാന്‍ കാരണമായത്. കാഷ്മീര്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാന് പോസ്റ്റേജ് സ്റ്റാന്പ് പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു.
ഇന്ത്യ-പാക് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇമ്രാന്റെ കത്ത് വന്നത്. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മില്‍ ചര്‍ച്ച നടത്തുന്നതിന് ഇന്ത്യ സമ്മതം അറിയിക്കുകയായിരുന്നു.
ബിഎസ്എഫ് ജവാനെ നിഷ്ഠുരമായി കൊലപ്പെടുത്തിയശേഷമായിരുന്നു ഇമ്രാന്റെ കത്തു വന്നത്. കഴിഞ്ഞദിവസം മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയതോടെ, പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിനെതിരേ ആര്‍എസ്എസും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇതോടെ ചര്‍ച്ച റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. 2016ല്‍ പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നില്ല. ഭീകരതയും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
https://www.facebook.com/Malayalivartha



























