മുന്നറിയിപ്പ് പിൻവലിച്ച് നിമിഷങ്ങൾക്കകം സുനാമി തിരമാലകൾ ആഞ്ഞടിച്ചു; ആറര അടി ഉയരത്തിൽ ആഞ്ഞടിച്ച സുനാമി തിരമാലയിൽ സുലവേസിയിലെ പലുവിൽ മുപ്പതിലധികം മരണം; തുടർ ഭൂചലത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായതിന് പിന്നാലെ ശക്തമായ സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. മുന്നറിയിപ്പ് പിൻവലിച്ച് മണിക്കൂറുകൾ പിന്നിടും മുൻപായിരുന്നു ആറരയടി ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചത്. സുനാമിയെത്തുടർന്ന് സുലവേസി പ്രവിശ്യാ തലസ്ഥാനമായ പലുവിലെ വിമാനത്താവളം അടച്ചു. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതോടെ രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായും മാധ്യമങ്ങൾ അറിയിച്ചു.
ആദ്യം ചെറിയ രീതിയിൽ ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. അതേസമയം സുലവേസി ദ്വീപിന്‍റെ തലസ്ഥാനമായ പാലു നഗരത്തിലുണ്ടായ സുനാമിത്തിരകളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച പാലു നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ അകലെയാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നീട് നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി. ജനങ്ങള്‍ ഭയപ്പെട്ട് ഓടുന്നതിന്‍റെയും ആറരയടിയോളം ഉയരത്തിലുള്ള തീരകളില്‍പ്പെട്ട് കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ദ്വീപിലെ മധ്യ-പടിഞ്ഞാറന്‍ മേഖലകളിലുളളവരോട് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായിലും ഓഗസ്റ്റിലും ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ 500 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























