പ്രേതഭൂമിയായി ഇന്തോനേഷ്യ; ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1234 ആയി; തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് നിരവധിപേർ

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1234 ആയതായി റിപ്പോർട്ടുകൾ. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ് മരണ സംഖ്യയുടെ വിവരങ്ങൾ പുറത്തുവിട്ടത്. അതേസമയം തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലാവെസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ദ്വീപിനെ മുക്കി 20 അടി ഉയരത്തിൽ സൂനാമിയെത്തിയത്. മൂന്നുതവണ ആഞ്ഞടിച്ച കൂറ്റൻ തിരമാലകളിൽ ആയിരക്കണക്കിന് വീടുകളും ഷോപ്പിങ് മാളുകളും പള്ളികളുമുൾപ്പെടെ നിലംപൊത്തി.
നാശ നഷ്ടങ്ങൾ പൂർണമായും വിലയിരുത്താനായിട്ടില്ലെങ്കിലും കനത്ത നഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. പാലുവിൽ മാത്രം 17,000 പേർക്ക് വീട് നഷ്ടമായി. ആറായിരത്തിൽ അധികം കുട്ടികളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും നിലംപൊത്തി. ആശുപത്രിക്കെട്ടിടങ്ങൾക്ക് പുറത്തുവെച്ചാണ് രോഗികൾക്ക് ചികിത്സ നൽകി വരുന്നത്.
റോഡുകളും നഗരത്തിലെ പ്രധാനപാലവും തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചിട്ടുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തില്‍ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങള്‍ക്കു മാത്രം ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ശുദ്ധമായ കുടിവെളളം ഇല്ലാത്തതാണ് പാലു നഗരം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്‍ഡൊനീഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം രക്ഷപ്പെട്ടവർ കൂട്ടം ചേർന്ന് പലായനം നടത്തുന്ന സാഹചര്യത്തിൽ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവർത്തകർ ഇനിയും ചില മേഖലകളിൽ എത്താൻ ബാക്കിയുള്ളതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha



























