വാരിപ്പുണർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ; ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1571 ആയി; ബലറോവ നഗരം ചെളിയിൽ പുതഞ്ഞതോടെ കാണാതായ ആയിരങ്ങളെ കണ്ടത്താനുള്ള പ്രതീക്ഷകൾ മങ്ങുന്നു

ഇന്തോനേഷ്യയില്‍ ഒരാഴ്ച മുൻപുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1571 ആയതായി റിപ്പോർട്ടുകൾ. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ബലറോവയിൽ സർക്കാർ ഭവനസമുച്ചയത്തിലെ ആയിരത്തോളം വീടുകളാണു മണ്ണിനടിയിലായത്. ചെളി മൂടിയ ഇവിടെ കാണാതായ ആയിരക്കണക്കിനാളുകളെ കണ്ടെത്തിയിട്ടില്ല. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇനി ആരെയെങ്കിലും ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ മങ്ങി. വാരിപ്പുണർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ സുലവേസി ദ്വീപിൽനിന്നു കണ്ടെടുത്തു.
അതേസമയം 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലാവെസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ദ്വീപിനെ മുക്കി 20 അടി ഉയരത്തിൽ സൂനാമിയെത്തിയത്. മൂന്നുതവണ ആഞ്ഞടിച്ച കൂറ്റൻ തിരമാലകളിൽ ആയിരക്കണക്കിന് വീടുകളും ഷോപ്പിങ് മാളുകളും പള്ളികളുമുൾപ്പെടെ നിലംപൊത്തി.
നാശ നഷ്ടങ്ങൾ പൂർണമായും വിലയിരുത്താനായിട്ടില്ലെങ്കിലും കനത്ത നഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. പാലുവിൽ മാത്രം 17,000 പേർക്ക് വീട് നഷ്ടമായി. ആറായിരത്തിൽ അധികം കുട്ടികളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും നിലംപൊത്തി. ആശുപത്രിക്കെട്ടിടങ്ങൾക്ക് പുറത്തുവെച്ചാണ് രോഗികൾക്ക് ചികിത്സ നൽകി വരുന്നത്.
റോഡുകളും നഗരത്തിലെ പ്രധാനപാലവും തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചിട്ടുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല.
തകർന്ന ദ്വീപുകളിൽ ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നത് രണ്ടു ലക്ഷം പേരാണ്. സംഘം ചേർന്നുള്ള കൊള്ള വ്യാപകമാണ്. വിദേശ സഹായം സ്വീകരിക്കാൻ സർക്കാർ ആദ്യം തയാറായില്ലെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ഭീകരമാണെന്നു വ്യക്തമായതോടെ വഴങ്ങുകയായിരുന്നു. ഇന്നലെ മുതൽ കൂടുതൽ രാജ്യാന്തര സഹായം എത്തിത്തുടങ്ങി. ദ്വീപുകളിൽ ചിലയിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ബാങ്കുകളും കടകളും തുറന്നുതുടങ്ങി.
https://www.facebook.com/Malayalivartha



























