വിവാഹാഭ്യര്‍ഥന നടത്താന്‍ നീരവ് മോദിയില്‍ നിന്ന് വാങ്ങിയ വജ്രമോതിരം വ്യാജം; പ്രണയം തകര്‍ന്ന യുവാവ് മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തു

കനേഡിയന്‍ സ്വദേശിയായ ഒരു യുവാവ്, ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ വലയില്‍ വീണ് കബളിപ്പിക്കപ്പെട്ടു.
നീരവിന്റെ പക്കല്‍ നിന്ന് വാങ്ങിയ രണ്ട് വജ്രമോതിരങ്ങള്‍ വ്യാജമാണെന്ന് പോള്‍ അല്‍ഫോന്‍സോയുടെ പരാതിയില്‍ പറയുന്നു. 1.4 കോടി രൂപയാണ് രണ്ട് മോതിരങ്ങളുടെയും വില.
2012-ലാണ് അല്‍ഫോന്‍സോ, നീരവ് മോദിയെ പരിചയപ്പെടുന്നത്. മുതിര്‍ന്ന സഹോദരനെപ്പോലെയായിരുന്നു നീരവ് എന്ന് ഇയാള്‍ പറയുന്നു. ഈ വര്‍ഷം മേയില്‍ വിവാഹ നിശ്ചയം നടത്തുന്നതിനു രണ്ടു പ്രത്യേക മോതിരങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ഇയാള്‍ നീരവിന് ഇമെയില്‍ അയച്ചിരുന്നു. ഉന്നത നിലവാരത്തിലുള്ളതെന്ന് അവകാശപ്പെട്ടാണു മോതിരം കൈമാറിയത്.
തന്നെ ഓര്‍ത്തതിന് നന്ദി അറിയിച്ച് നീരവ് മോദി മറുപടിയും നല്‍കിയിരുന്നു. അല്‍ഫോന്‍സോയുടെ കാമുകിക്ക് മറ്റൊരു മോതിരം കൂടി ഇഷ്ടപ്പെട്ടിരുന്നു, അതിനാല്‍ രണ്ട് മോതിരത്തിന്റെയും തുക ഹോങ്കോങ്ങിലെ അക്കൗണ്ട് വഴി കൈമാറി. ജൂണില്‍ മോതിരങ്ങള്‍ ലഭിക്കുകയും ചെയ്തു.

കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുന്നതിനാണ് അല്‍ഫോന്‍സോ നീരവ് മോദിയില്‍ നിന്ന് മോതിരം വാങ്ങിയത്. തട്ടിപ്പ് വാര്‍ത്തകളെക്കുറിച്ച് ഇയാള്‍ക്ക് അറിയില്ലായിരുന്നു. വിവാഹാഭ്യര്‍ഥന നടത്തിയ ശേഷമാണ് മോതിരങ്ങള്‍ വ്യാജമാണെന്ന് മനസ്സിലായത്. ഇതോടെ പ്രണയബന്ധവും തകര്‍ന്നു.
നീരവ് മോദിക്കെതിരെ കാലിഫോര്‍ണിയയില്‍ കേസ് ഫയല്‍ ചെയ്തതായും അല്‍ഫോന്‍സോ അറിയിച്ചു.
https://www.facebook.com/Malayalivartha



























