കൊറോണ വൈറസ്; വുഹാനില്‍ ചികിത്സയിലായിരുന്ന അമേരിക്കന്‍ വനിത മരിച്ചു

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ അമേരിക്കന്‍ വനിത മരിച്ചു. ബെയ്ജിംഗിലെ യുഎസ് എംബസി മരണം സ്ഥിരീകരിച്ചു. വുഹാനില്‍ ചികിത്സയിലായിരുന്ന 60 വയസുകാരിയാണ് മരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശിയാണിത്.
അതേസമയം, വുഹാനില്‍ ഒരു ജപ്പാന് പൗരന് മരിച്ചതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ജപ്പാനീസ് വിദേശകാര്യ മന്ത്രാലയമാണ് മരണവിവരം പുറത്തുവിട്ടത്. എന്നാല്‍ ഇയാള്‍ കൊറോണ വൈറസ് ബാധിച്ചാണോ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 86 പേരാണ് മരണത്തിന് കീഴടങ്ങിയത്. 34,546 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാന്‍ പ്രവശ്യയിലാണ് ഏറ്റവുമധികം മരണം നടന്നത്. രോഗവ്യാപനം തടയാന്‍ ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് പടര്‍ന്നു പിടിച്ച ചൈനയില്‍ നിന്നും ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തതിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചു. 15 വിദ്യാര്‍ഥികളെയാണ് ഇന്നലെ രാത്രി 11 മണിയോടെ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നും വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്തവാളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇവരെ അഞ്ചു ആംബുലന്‍സുകളിലായി കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ല.
https://www.facebook.com/Malayalivartha























