എനിക്കെന്റെ മകന്റെ മൃതദേഹം എങ്കിലും തിരിച്ചു തരൂ'; നൊമ്പരമായി ഈ അമ്മയുടെ വാക്കുകൾ; ബുള്‍ഡോസറില്‍ ഫലസ്തീന്‍ യുവാവിന്റെ മൃതദേഹം കടത്തിയ ഇസ്രയേല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കുടുംബത്തിന് കൈമാറാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ഇസ്രയേല്‍ സൈനിക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്..ഞായറാഴ്ചയാണ് ഇസ്രയേല്‍ അധിനിവേശ ഗാസ മേഖലാ അതിര്‍ത്തിയില്‍ ബോംബ് വെക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുഹമ്മദെന്ന 28 കാരന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
മുഹമ്മദിന്റെ മൃതദേഹം മിലിട്ടറി ബുള്‍ഡോസര്‍ ഉപയോഗിച്ച് മറവു ചെയ്യാനായി എടുത്തു മാറ്റുന്നത് ഒരു ലോക്കല്‍ ജേര്‍ണലിസ്റ്റ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതിനിടയില്‍ മൃതദേഹം കൊണ്ടു പോകാനായി ശ്രമിക്കുന്ന ഒരു കൂട്ടം ഫലസ്തീന്‍ ജനങ്ങളെയും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍ സൈന്യം വെടിയുതിര്‍ത്തതോടെ ഇവര്‍ ഭയന്ന് പിന്‍മാറുകയും ബുള്‍ഡോസറില്‍ മൃതദേഹം കൊണ്ടു പോവുകയുമായിരുന്നു. മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമത്തിനിടയില്‍ ഒരാളുടെ കാലിന് വെടിയേല്‍ക്കുന്നുമുണ്ട്
വീഡിയോ പ്രചരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യാപകമായ വിമര്‍ശനമാണ് ഇസ്രയേല്‍ സൈന്യത്തിനെതിരെ വന്നത്.
‘എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയാല്‍ മാത്രം മതി. അവനെ അവസാനമായി കാണുകയെന്നതും എനിക്ക് കാണാവുന്ന തരത്തില്‍ അടുത്ത് സംസ്‌കരിക്കുകയെന്നതും എന്റെ അവകാശമാണ്,’ മുഹമ്മദിന്റെ അമ്മ 56 കാരിയായ മിര്‍വത് അല്‍ജസീറയോട് പറഞ്ഞ വാക്കുകളാണിത്.
ഫലസ്തീന്‍ വിമത സേനയായ പി.ഐ.ജെ കൊല്ലപ്പെട്ട മുഹമ്മദ് തങ്ങളുടെ സംഘടനയിലെ അംഗമാണെന്ന് അറിയിച്ചിട്ടുണ്ട്.
മുഹമ്മദിന്റെ മരണ ശേഷംഇസ്രയേല്‍ സൈന്യവും പി.ഐ.ജെയും തമ്മില്‍ ഗാസയില്‍ സംഘര്‍ഷം നടന്നിരുന്നു. ഇവിടെ നാലു പേര്‍ക്കു പരിക്കു പറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഹമമ്മദിന്റെ മരണത്തെ തുടർന്ന് വലിയ സംഘർഷമാണ് മേഖലയിൽ ഉടലെടുത്തത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്കും ഫലസ്തീനിലെ ഗാസയിലേക്കും ഇസ്രയെൽ സൈന്യത്തിന്റെ മിസൈലാക്രമണം ഉണ്ടായി.. ഡമാസ്‌കസിലെ രണ്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അക്രമണമുണ്ടായത്. മിസൈലാക്രമണം നടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.20 ലേറെ മിസൈലുകളാണ് ഇസ്രയേല്‍ സൈന്യം ഡമാസ്‌കസിലേക്ക് വിന്യസിച്ചത്. ഡമാസ്‌കസ് അന്താരാഷ്ട്ര വിമനാത്താവളത്തിന് സമീപമാണ് ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha

























