സൗദിയില്‍ സ്വകാര്യ കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നടപടി തുടങ്ങി
സൗദിയില്‍ കോവിഡ് പ്രശ്നങ്ങളില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീര്‍ഘകാല അവധി നല്‍കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു അതേതുടര്ന്ന് സ്വകാര്യ കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പ് നല്‍കിത്തുടങ്ങി.
കോവിഡ് പ്രതിസന്ധി മൂലം ബിസിനസ് ഇല്ലാതായ കമ്പനികളാണ് പ്രധാനമായും അറിയിപ്പ് നല്കിത്തുടങ്ങിയത്.
കോവിഡ് പോലെ വലിയ ദുരന്തസാഹചര്യങ്ങളില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ തൊഴിലാളിക്ക് അസാധാരണ അവധിയും നല്കാന് നിയമാനുമതി ഉള്ളതാണ്. നിയന്ത്രണങ്ങള്‍ ആരംഭിച്ച് 6 മാസത്തിനകം തൊഴിലാളിയുമായി ധാരണയില്‍ എത്തി ആയിരിക്കണം ഇത്തരം നടപടികള്‍ തൊഴിലുടമ സ്വീകരിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. എത്ര തുക കുറയ്ക്കുമെന്നതും എത്ര കാലത്തേക്കെന്നതും കമ്പനികള്‍ നല്കിയ അറിയിപ്പില്‍ വ്യക്തമല്ലെന്നാണ് വിവരം.
പ്രതിസന്ധി തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏതെങ്കിലും സഹായ പദ്ധതി സ്ഥാപന ഉടമ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാവില്ല. എന്നാല്‍ തുടരാന്‍ താല്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിക്കാം. അതേസമയം ഇത് വിദേശികളെ തിരിച്ചയയ്ക്കാനുള്ള തന്ത്രമായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha