കോവിഡ് കാലത്ത് വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താൻ നിര്‍ബന്ധിച്ച് തട്ടിപ്പ്; ഗൂഗിൾ ദിനംപ്രതി തടയുന്നത് 1.8 കോടി ഇ-മെയിലുകൾ

കോവിഡ് -19 നെക്കുറിച്ചുള്ള 18 ദശലക്ഷം തട്ടിപ്പ് ഇമെയിലുകളാണ് തങ്ങള്‍ ഓരോ ദിവസവും ബ്ലോക്ക് ചെയ്യുന്നതെന്ന് ഗൂഗിള്‍. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് ഉപയോക്താക്കളെ നിര്‍ബന്ധിച്ചുകൊണ്ട് കബളിപ്പിക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളുടെ എണ്ണം ഈ മഹാമാരിയുടെ കാലത്ത് വര്‍ദ്ധിച്ചു വരികയാണെന്ന് ടെക് ഭീമനായ ഗൂഗിള്‍ പറയുന്നു.
പ്രതിദിനം 100 ദശലക്ഷത്തിലധികം ഫിഷിംഗ് ഇമെയിലുകൾ തടയുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്ലോക്ക് ചെയ്തവയില്‍, ഏകദേശം അഞ്ചിലൊന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളാണ്. വൈറസ് ഇപ്പോൾ എക്കാലത്തെയും വലിയ ഫിഷിംഗ് വിഷയമായിരിക്കാം എന്നാണ് സാങ്കേതിക സ്ഥാപനങ്ങളുടെ വിലയിരുത്തല്‍ 1.5 ബില്ല്യൺ ആളുകളാണ് ഗൂഗിളിന്‍റെ ജി-മെയില്‍ ഉപയോഗിക്കുന്നത്.
സോഫ്റ്റ്വെയറുകള്‍ ഡൌൺലോഡ് ചെയ്യാനും, വ്യാജമായ കാരണങ്ങള്‍ സ്ഥാപിച്ച് പണം സംഭാവന ചെയ്യിപ്പിക്കനുമൊക്കെയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ ശ്രമിക്കുന്നത്. അതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പോലുള്ള ആധികാരിക സംഘടനകളുടെ പേരിലൊക്കെയാണ് ഇ-മെയിലുകള്‍ അയക്കപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള 99.9% ഇമെയിലുകളും ഉപയോക്താക്കളിലേക്ക് എത്തുന്നത് തടയാൻ മെഷീൻ ലേണിംഗ് ടൂളുകൾക്ക് കഴിയുമെന്ന് Google അവകാശപ്പെടുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന് അനുസൃതമായി ഫിഷിംഗും വര്‍ധിക്കുന്നുണ്ടെന്ന് സൈബർ സുരക്ഷാ കമ്പനികൾ നേരത്തെ വ്യക്തമാക്കിയതാണ്. പകർച്ചവ്യാധി സമയത്ത് ക്ഷുദ്രകരമായ ഫിഷിംഗ് ഇമെയിലുകളിൽ 667% വർധനയുണ്ടായതായി ബരാക്യൂഡ നെറ്റ്‌വർക്കുകൾ പറയുന്നു. സ്‌കാമർമാർ യുകെ സർക്കാർ, ലോകാരോഗ്യ സംഘടന, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തുടങ്ങി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ പേരില്‍വരെ വ്യാജ ഇമെയിലുകള്‍ അയക്കുന്നുണ്ട്.
എന്താണ് ഫിഷിംഗ്
ഇന്റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിങ്ങനെ ഇന്റര്‍നെറ്റ് വഴി സാധ്യമായ മാധ്യമങ്ങള്‍ വഴിയെല്ലാം ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കും.
https://www.facebook.com/Malayalivartha


























