റെംഡെസിവിര്‍ എന്ന മരുന്നിന് ഇപ്പോള്‍ ലോകത്ത് രക്ഷകന്റെ പരിവേഷമാണ്; കാവിഡിനെ തുരത്താന്‍ ഇതിനാകുമെന്ന് ലോകം അത്രമേല്‍ വിശ്വസിക്കുന്നു; പക്ഷ യഥാര്‍ത്ഥത്തില്‍ ആ മരുന്ന് വികസിപ്പിച്ചത് കൊവിഡിനായല്ല

ഒരു പതിറ്റാണ്ടു മുന്‍പ് ആഫ്രിക്കയില്‍ പടര്‍ന്ന എബോള വൈറസിനെതിരെയാണ് റെംഡെസിവിര്‍ മരുന്നു വികസിപ്പിച്ചെടുത്തത്. ബ്രോഡ് സ്പെക്ട്രം ആന്റി വൈറല്‍ ഡ്രഗ് (ബിഎസ്എ) ആണിത്. വിശാല ശ്രേണിയിലുള്ള വൈറല്‍ പതോജനെ ലക്ഷ്യമിട്ടുള്ള മരുന്നുകളാണ് ബിഎസ്എ എന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. കോവിഡ് രോഗം പരത്തുന്ന സാര്‍സ് കോവ്2നെ (നോവല്‍ കൊറോണ വൈറസ്) ഫലപ്രദമായി നേരിടാന്‍ റെംഡെസിവിര്‍ മരുന്നിനു കഴിയുമെന്ന് ചൈനീസ് പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
കോവിഡ് രോഗപ്രതിരോധത്തില്‍ റെംഡെസിവിര്‍ മരുന്നിന് വിജയസാധ്യത ഏറെയെന്നു ഗവേഷകര്‍. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ് കോവിഡ് രോഗികളില്‍ ഈ മരുന്ന് ഫലപ്രദമാണെന്നു കണ്ടെത്തിയത്. അതേസമയം, മരുന്നു വിജയമാണോയെന്ന് കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ പറയാനാകൂയെന്ന് യുഎസിലെ ടെക്സസിലുള്ള ഹൂസ്റ്റണ്‍ മെതേഡിസ്റ്റ് ആശുപത്രിയിലെ ഗവേഷകര്‍ പറഞ്ഞു. ''ഇപ്പോള്‍ പുറത്തുവരുന്ന ഫലം വിജയസാധ്യതയുടേതാണ്. അതാണ് പ്രധാനവും. കോവിഡ്19നെ എങ്ങനെ നിയന്ത്രിക്കാമെന്നതും പെട്ടെന്നു ആരോഗ്യം നശിക്കാതിരിക്കാന്‍ എന്തുചെയ്യാമെന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്.'' ആശുപത്രിയിലെ സാംക്രമിക രോഗ ഫാര്‍മസിസ്റ്റ് കാതറിന്‍ കെ. പെരെസ് പറഞ്ഞു.
കോവിഡ്19 പോസിറ്റീവ് ആയ വ്യക്തിക്ക് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശമനുസരിച്ച് റെംഡെസിവിര്‍ മരുന്നു നല്‍കിയയെന്നും 24 മണിക്കൂറിനുള്ളില്‍ നില മെച്ചപ്പെട്ടുതുടങ്ങിയെന്നും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണത്തിലും പറയുന്നു. ''ഒരു ശരീരത്തില്‍ കയറിയാല്‍ വൈറസ് പല തവണ സ്വയം പതിപ്പുകള്‍ ഉണ്ടാക്കും. ഇങ്ങനെയാണ് ഒരാളുടെ ശരീരത്തെ വൈറസ് കീഴ്പ്പെടുത്തുന്നത്. പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങും. ഇതാണ് ഗവേഷകര്‍ക്ക് വെല്ലുവിളി പകരുന്നത്. ആദ്യമേ കണ്ടെത്തി പരിചരിച്ചില്ലെങ്കില്‍ നില കൈവിട്ടുപോകും. ഇത്തരത്തില്‍ വൈറസ് സ്വയം പകര്‍പ്പെടുക്കുന്നതാണ് റെംഡെസിവിര്‍ തടയുന്നത്.'' ഹൂസ്റ്റണ്‍ മെതേഡിസ്റ്റ് ആശുപത്രി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
യുഎസില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ച അഞ്ചാമത്തെ ആശുപത്രിയാണ് ഹൂസ്റ്റണ്‍ മെതേഡിസ്റ്റ്. മാര്‍ച്ച് പകുതി മുതല്‍ ഇത്തരത്തില്‍ രോഗികളെ ചികിത്സിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ അഞ്ചു രോഗികളിലാണ് മരുന്നു പരീക്ഷണം നടത്തിയത്. പിന്നീട് 35 രോഗികളിലായി പരീക്ഷണം. സാധാരണ രോഗാവസ്ഥയുള്ളവരില്‍ അഞ്ച് ദിവസത്തെയോ 10 ദിവസത്തെയോ റെംഡെസിവിര്‍ ചികിത്സയാണ് നടത്തുന്നത്. ഗുരുതര രോഗമുള്ളവരില്‍ 10 ദിവസത്തെ ചികിത്സയും. വെന്റിലേറ്റര്‍ ഉപയോഗിക്കുന്നവരിലും 10 ദിവസത്തെ ചികിത്സ നടപ്പാക്കുന്നു. രോഗം ഭേദമായ പലരെയും ഡിസ്ചാര്‍ജ് ചെയ്തു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുശേഷമേ മരുന്നു ഫലപ്രദമാണോയെന്നു ഉറപ്പിച്ചു പറയാനാകൂവെന്നും പെരെസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























