കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണം ആദ്യമായി മൃഗങ്ങളിൽ വിജയം; റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്, വിജയം കണ്ടെതെന്നാണ് ചൈനയിൽ നിന്നുള്ള ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

നോവൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ പരീക്ഷണം ആദ്യമായി മൃഗങ്ങളിൽ വിജയം കണ്ടതായി റിപ്പോർട്ട്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെയാണ് ഇവയിൽ വാക്സിനുകൾ വിജയം കണ്ടെതെന്നാണ് ചൈനയിൽ നിന്നുള്ള ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ബീജിംഗ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക് കമ്പനിയാണ് പരീക്ഷണം നടത്തിയത്. എട്ട് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളിൽ കുറഞ്ഞ അളവിലും നാല് കുരങ്ങുകളിൽ കൂടിയ അളവിലും വാക്സിൻ ഡോസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം ഗവേഷകർ കൊവിഡിന് കാരണമായ സാർസ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു.
ശ്വാസ നാളത്തിലൂടെ ട്യൂബ് വഴിയാണ് വൈറസിനെ കടത്തിവിട്ടത്. എന്നാൽ ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ല. അതേസമയം, ഏറ്റവും കൂടിയ അളവിൽ വാക്സിൻ ഡോസ് നൽകിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി വിട്ട് ഏഴു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ കുരങ്ങുകളുടെ ശ്വാസകോശത്തിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
കുറഞ്ഞ അളവിൽ വാക്സിൻ ഡോസ് നൽകിയ മൃഗങ്ങളിൽ നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങൾ കാണിച്ചെങ്കിലും അണുബാധയെ നിയന്ത്രിക്കാൻ അവയ്ക്കായി എന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ നൽകാത്ത നിയന്ത്രിത ഗ്രൂപ്പിലെ നാല് റിസസ് കുരങ്ങുകളിൽ കടുത്ത ന്യൂമോണിയ ലക്ഷണങ്ങളും ഉയർന്ന അളവിലുള്ള വൈറൽ ആർ.എൻ.എകളുടെ സാന്നിദ്ധ്യവുമുണ്ടായി.ഫലം വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മനുഷ്യരിൽ ഇത് ഫലപ്രദമാകുമെന്നും സിനോവാക് സീനിയർ ഡയറക്ടർ മെങ് വെയ്നിംഗ് പറഞ്ഞു. മനുഷ്യരിൽ കൊവിഡ് ഉണ്ടാക്കുന്ന ലക്ഷണങ്ങൾ കുരങ്ങുകൾ കാണിക്കില്ല എന്ന ആശങ്കചില ഗവേഷകർ പങ്കുവയ്ക്കുന്നുണ്ട്. വാക്സിൻ നൽകിയ കുരങ്ങുകളിലെ ശ്വാസകോശത്തിന് കോടുപാടുകൾ സംഭവിച്ചതായും സിനോവാക് സംഘം കണ്ടെത്തിയിട്ടില്ല. ഇതും പ്രതീക്ഷ നൽകുന്നു.
കുരങ്ങുകളിൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് ഷാങ്ഹായിലെ ജിയാങ്ഷു പ്രവിശ്യയിൽ ക്ലിനിക്കൽ പരീക്ഷണം സിനോവാക്ക് ആരംഭിച്ചിട്ടുണ്ട്. ഇതേ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഏപ്രിൽ 16ന് തുടങ്ങിയിരുന്നു. 144 മനുഷ്യരിലാണ് ആദ്യ ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. രണ്ടാംഘട്ട ക്ലിനിക്കൽ ട്രയൽ മേയ് പകുതിയോടെ ആരംഭിക്കും. ഇതും വിജയിക്കുകയാണെങ്കിൽ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കും.
https://www.facebook.com/Malayalivartha
























