ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ ....എന്ത് കൊണ്ട് ബ്രിട്ടണിൽ ഇത്രയധികം? ഇതാണ് കാരണങ്ങൾ!!

യൂറോപ്പിലെ വൻ ശക്തികളായ ബ്രിട്ടണും ഇറ്റലിയും സ്പെയിനുമെല്ലാം മരണസംഖ്യയിൽ വളരെ മുന്നിലാണ്. എന്നാൽ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ് . ഇതുവരെ മരണം 30000 കടന്നു. രോഗബാധിതരുടെ എണ്ണമാകട്ടെ രണ്ട് ലക്ഷം കടന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 649 പേർ മരണപ്പെട്ടു... രോഗവ്യാപനം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു എന്നാണു സര്‍ക്കാര്‍ പറയുന്നത്.ഓരോ ദിവസവും ശരാശരി 600-ലേറെപേര് മരിക്കുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്
രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമാണെന്നാണ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. നിലവിൽ 30,076 പേരാണ് ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് മരിച്ചത് . യൂറോപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ 29684 പേരാണ് മരിച്ചത്. സ്പെയിനിൽ 25857 പേരും ഫ്രാൻസിൽ 25531 പേരും മരിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ചിട്ടുള്ളത് അമേരിക്കയിലാണ്. 72000 കടന്ന് കഴിഞ്ഞു അമേരിക്കയിലെ മരണനിരക്ക്. യൂറോപ്പിലെ കാര്യമെടുത്താൽ ബ്രിട്ടണിൽ മരണനിരക്ക് കൂടാൻ ചില പ്രത്യേക കാരണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം
ഒന്നാമതായി യൂറോപ്പിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രത കൂടിയ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. നഗരങ്ങളിലെ ജനസാന്ദ്രതയും വളരെ കൂടുതലാണ്. യുകെയിലെ നാല് പ്രധാന നഗരങ്ങളായ ലണ്ടൻ, ഗ്രേറ്റർ മാഞ്ചസ്റ്റർ, മെട്രോപോളിറ്റൻ ഗ്ലാസ്ഗോ, ബെർമ്മിങ്ങാം എന്നിവിടങ്ങളിലെ ജനസംഖ്യ 10 ലക്ഷത്തിന് മുകളിലാണ്. അതുകൊണ്ടു തന്നെ രോഗവ്യാപനവും മരണവും ഇവിടെ കൂടുതലാണ്
ബ്രിട്ടനിൽ കോവിഡ് -19 ഏറ്റവും രൂക്ഷമായി ബാധിച്ചത് ന്യൂന പക്ഷ വിഭാഗങ്ങളെയാണ് . ഇവരിൽ ഇന്ത്യയിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായി നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട് . കുടിയേറ്റക്കാരും പ്രവാസികളും അടക്കമുള്ള വംശീയ ന്യൂനപക്ഷ വിഭാഗക്കാർക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുതലാണെന്ന് ഇംഗ്ലണ്ടിലാകെയുള്ള ആശുപത്രികളിൽ നിന്നുള്ള കോവിഡ് മരണങ്ങൾ സംബന്ധിച്ച് നാഷനൽ ഹെൽത്ത് സർവീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു
പ്രായമായവരും രോഗികളുമായവരുടെയും ജനസംഖ്യ ബ്രിട്ടണിൽ കൂടുതലാണ് എന്നതും എടുത്തു പറയേണ്ട കാര്യമാണ് . 80 വയസ്സിന് മുകളിൽ വരെ ജീവിക്കുന്നവർ ഏറെയുള്ള ഇവിടെ ഇവരിൽ പലരും മറ്റ് രോഗങ്ങൾ ഉള്ളവരാണ് . ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ, ഡിമെൻഷ്യ രോഗികളും ബ്രിട്ടണിൽ കൂടുതലാണ്. ഇത്തരക്കാർ തന്നെയാണ് കൊവിഡ് 19ൻെറ പ്രധാന ഇരകൾ. ഡിമെൻഷ്യ ഉള്ളവരിൽ കൊവിഡ് മരണ സാധ്യത 39 ശതമാനം വരെയാണ്. ഹൃദ്രോഗികളിൽ ഇത് 31 ശതമാനം വരെയാണ്. ഇതെല്ലം തന്നെ ബ്രിട്ടനിൽ മരണ നിരക്ക് കൂട്ടുന്നു
അമിത വനനവും കോവിഡ് മരണനിരക്ക് ഉയരാനുള്ള കാരണമാണ് .. ഇവർക്ക് ആശുപത്രികളിൽ മികച്ച ചികിത്സ അനിവാര്യമാണ്. യൂറോപ്പിൽ അമിതവണ്ണമുള്ളവരുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ബ്രിട്ടൺ. മാൾട്ടയും ടർക്കിയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ബ്രിട്ടണിൽ 13 മില്യണിലധികം പേർ അമിതവണ്ണം ഉള്ളവരാണ്. രോഗ പ്രതിരോധ ശേഷിയാണ് കൊവിഡിനെ ചെറുക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത്. അമിതവണ്ണമുള്ളവരിൽ രോഗപ്രതിരോധ ശേഷിയും കുറയും. ഇത് രോഗവ്യാപനത്തിന്റെ തോത് ഇരട്ടിയാക്കും
വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി നിരവധി എത്തുന്ന നഗരമാണിത്. ഒപ്പം ലോകത്ത് സഞ്ചാരികൾ ഏറെയെത്തുന്ന നഗരം കൂടിയാണിത്. ഇത് കൊണ്ട് തന്നെ ചൈനയിൽ നിന്ന് വളരെ നേരത്തെ തന്നെ ലണ്ടനിൽ കൊവിഡ് 19 എത്തിയിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. യാത്രാ നിയന്ത്രണങ്ങൾക്കിടയിൽ ഇപ്പോഴും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നായി ദിവസം 10000ലധികം പേർ ബ്രിട്ടണിലെത്തുന്നുണ്ട്.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലോക് ഡൗൺ പ്രഖ്യാപിക്കാൻ ബ്രിട്ടൺ ഏറെ വൈകിയെന്ന് വിദഗ്ദർ വിലയിരുത്തുന്നു. ജർമനി, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളെല്ലാം ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ബ്രിട്ടൺ ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇറ്റലിയും സ്പെയിനും പുറത്ത് നിന്നുള്ളവരുടെ വരവ് പൂർണമായും നിർത്തിയെങ്കിലും ബ്രിട്ടൺ ഇതിനും ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല.
ബ്രിട്ടണിലെ കഫേ, പബ്ബ്, റസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉത്തരവിട്ടെങ്കിലും മിക്ക കഫേകളിലും , റസ്റ്റോറന്റുകളിലും ആളുകള്‍ എത്തിയിരുന്നു. ഇതും പ്രതിരോധ പ്രവർത്തങ്ങൾ ബാധിച്ചു
കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ അഭാവം യു.കെയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിച്ചതായാണ് വിലയിരുത്തൽ. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും രാജ്യവ്യാപകമായി പരിശോധനകള്‍ നടത്താന്‍ തുടങ്ങുകയും ചെയ്‍തിരുന്നെങ്കിലും ലക്ഷ്യമിട്ട രീതിയില്‍ പരിശോധനകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
ഓരോ ദിവസവും ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്‍ച 69463 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ ആറായിരത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം അവസാനത്തോടെ ദിവസം രണ്ട് ലക്ഷം ടെസ്റ്റുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്‍ച പാര്‍ലമെന്‍റില്‍ പറഞ്ഞത്.
നിലവിൽ മേയ് 7 വരെ നിശ്ചയിച്ചിരിക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്നുവരെ തുടരണമെന്നതാണ് ഇപ്പോൾ ബോറിസിന്റെ മുന്നിലെ ചർച്ചാ വിഷയം. രാജ്യത്ത് കൊവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി മാത്രമേ ഇളവുകൾ അനുവദിക്കാനിടയുള്ളു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തുടങ്ങിയിരിക്കുകയാണ്....ബ്രിട്ടനിൽ അത്തരം സാഹചര്യം നിലനിൽക്കുന്നില്ല.
നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നത് രാജ്യത്തെ കൂടുതല്‍ അപകടത്തിലാക്കുമെന്നും രോഗവ്യാപനം കുറയാതെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതിലും രൂക്ഷമായ രണ്ടാംഘട്ട വ്യാപനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു .. രാജ്യം അടച്ചിടുന്നത് സാമ്പത്തിക തക ര്‍ച്ചയ്ക്ക് കാരണമാകും .. എന്നാല്‍ പെട്ടെന്ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ അത് വലിയ സാമ്പത്തിക ദുരന്തത്തിലേക്കാണ് നയിക്കുകയെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.
അതേ സമയം, യു.എസിൽ കൊവിഡ് അതിന്റെ ഭീകരതയിൽ തുടരുമ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനാവശ്യമാണെന്ന് വാദിക്കുന്ന ഒരു വിഭാഗം രോഗനിയന്ത്രണത്തിന് വെല്ലുവിളിയാവുകയാണ്
https://www.facebook.com/Malayalivartha
























