ഹോങ്കോങ്ങിനെ തീർക്കാൻ ചൈന ..പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരും അനുവദിക്കില്ലെന്ന് യുഎസ്..സദാ സംഘർഷ ഭരിതമാണ് ഹോങ്കോങ്ങിലെ ജീവിതം...

വെറും പതിനൊന്ന് ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഹോങ്കോങ് എന്ന കുഞ്ഞുപ്രദേഷമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നത് .ഇവിടെ അണപൊട്ടിയൊഴുകുന്ന പ്രതിഷേധത്തിന്റെ അലകൾ അടങ്ങുന്നമട്ടില്ല... കൊറോണയ്ക്ക് മുൻപ് തെരുവിലിറങ്ങിക്കൊണ്ടിരുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്. ഒട്ടുമിക്കപ്പോഴും തികച്ചും സമാധാനപരമായി നടത്തപ്പെടുന്ന ആ പ്രകടനങ്ങൾ ഇടക്കൊക്കെ അക്രമാസക്തവുമാകാറുണ്ട്
മഹാമാരി പടര്‍ന്നതോടെ പ്രക്ഷോഭവും താത്കാലികമായി അവസാനിച്ചു. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈന മാസങ്ങളോളം രോഗത്തിന്‍റെ പിടിയിലായിരുന്നു. ചൈനയില്‍ വൈറസ് ബാധ കണ്ടെത്തി അധികം വൈകാതെ തന്നെ ചേര്‍ന്ന് കിടക്കുന്ന ഹോങ്കോങ്ങിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്‍തു.
വൈറസിനെതിരായ പോരാട്ടത്തിനിടയില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് അവധി കൊടുത്തിരിക്കുകയായിരുന്നു ഹോങ്കോങ് ജനത. എന്നാല്‍ ഹോങ്കോങ്ങിന്‍റെ പരമാധികാരം ഇല്ലാതാക്കുന്ന പുതിയ നിയമമാണ് ചൈന ഇപ്പോൾ നടപ്പാക്കാന്‍ പോകുന്നത്. വൈറസിനെ കീഴടക്കിയ ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് പക്ഷേ ചൈനയുടെ നീക്കത്തെ തോല്‍പ്പിക്കാനാകുമോ എന്നാണ് ആശങ്ക.
ഹോങ്കോങ്ങിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാകണമെങ്കിൽ നമ്മള്‍ കുറച്ചു കൊല്ലം പിന്നോട്ട് പോവേണ്ടി വരും. 1842 ൽ ഒന്നാം കറുപ്പുയുദ്ധം കഴിഞ്ഞ്, ഹോങ്കോങ്ങിന്മേലുള്ള അവകാശം ചൈനയ്ക്ക് നഷ്ടപ്പെട്ട്, അതൊരു ബ്രിട്ടീഷ് കോളനിയായി മാറി. ചൈനയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ മനംമടുത്ത് നാടുവിട്ട പലരും ഒടുവിൽ ചെന്നടിഞ്ഞത് ഹോങ്കോങ്ങിലാണ്.
1898 -ൽ ബ്രിട്ടനും ചൈനയും തമ്മിൽ ഒരു ധാരണയുണ്ടാക്കി . അതിൻപ്രകാരം ബ്രിട്ടന് ഹോങ്കോങ്ങിനെ 99 വർഷത്തേക്ക് ചൈന പാട്ടത്തിന് വിട്ടുനൽകി . പിന്നീട് 1939 -ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ജപ്പാൻ ഹോങ്കോങ് പിടിച്ചെടുത്തു . യുദ്ധം കഴിഞ്ഞതോടെ ബ്രിട്ടൻ വീണ്ടും ഹോങ്കോങ് തിരിച്ചു പിടിച്ചു. അവിടെ ഒരു സർക്കാരുണ്ടാക്കി. ടെക്സ്റ്റൈൽ വിപ്ലവം നടന്നു. ഹോങ്കോങ് പച്ചപിടിച്ചു.
സമ്പൽസമൃദ്ധമായ ഈ പ്രദേശം ഏഷ്യൻ ടൈഗർ എന്നറിയപ്പെട്ടു.ഇതോടെ ചൈന വീണ്ടും ഹോങ്കോങ്ങിന്റെ മേൽ കണ്ണുവെച്ചു. ബ്രിട്ടനുമായി പിന്നെയും ചർച്ചകൾ നടന്നു. ഹോങ്കോങ് ചൈനയ്ക്ക് വിട്ടുനൽകാൻ ബ്രിട്ടൻ തയ്യാറായി.
പക്ഷെ ഒരു ഉപാധി വെച്ച് . 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന പേരിൽ, കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗമായിരിക്കെത്തന്നെ ഹോങ്കോങ്ങിൽ അത്രയും കാലം നിലനിന്നിരുന്ന പാർലമെന്ററി ജനാധിപത്യ ഭരണസംവിധാനങ്ങളും കാപ്പിറ്റലിസ്റ്റിക് വിപണിയും മറ്റും നിലനിർത്തപ്പെടും. ഇത് ഹോങ്കോങ് കൈമാറ്റം ചെയ്യപ്പെടുന്ന അന്നുതൊട്ട് അമ്പത് വർഷത്തേക്കായിരുന്നു.
1997 -ൽ ബ്രിട്ടന്റെ ലീസ് തീർന്നു. ബ്രിട്ടൻ ചൈനയ്ക്ക് ഹോങ്കോങ് വിട്ടുനൽകി. ഇതോടെ ഹോങ്കോങ് സ്വയം ഭരണ പ്രദേശമായി മാറി..അതിനുശേഷം പലപ്പോഴും തങ്ങളുടെ ജനാധിപത്യത്തിനുമേലും, മൗലികാവകാശങ്ങൾക്കു മേലും ചൈനയുടെ ഭീഷണി നിഴലിച്ചപ്പോഴൊക്കെ ഹോങ്കോങ്ങുകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ഇപ്പോൾ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യം പൂര്‍ണമായും കവര്‍ന്നെടുക്കുന്ന പുതിയ ദേശീയ സുരക്ഷാ നിയമമാണ് ചൈന നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രാജ്യദ്രോഹം, കൂറുമാറ്റം, അട്ടിമറി പ്രവര്‍ത്തനം തുടങ്ങിയവ വിലക്കുന്നതായിരിക്കും പുതിയ നിയമം. ഹോങ്കോങ് ഭരണകൂടത്തെ മറികടന്ന് ചൈനീസ് സര്‍ക്കാരിന് നടപടികളെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ഇതോടെ ഒരു രാജ്യം, രണ്ട് സംവിധാനം എന്ന രീതിയുടെ അവസാനം കുറിക്കും
ചൈനീസ് സര്‍ക്കാരിനെതിരായ ദേശദ്രോഹം, കൂറുമാറ്റം, അട്ടിമറി എന്നിവ തടയാന്‍ ഹോങ്കോങ് നിയമം കൊണ്ടുവരണമെന്ന് ഭരണഘടനയുടെ 23-ാം ആര്‍ട്ടിക്കിളില്‍ പറയുന്നുണ്ട്. എന്നാല്‍ ഹോങ്കോങ് ബ്രിട്ടീഷ് കോളനിയല്ലാതായി 23 വര്‍ഷം കഴിഞ്ഞിട്ടും നിയമം പാസ്സായില്ല. 2003-ലാണ് അവസാനമായി നിയമം പാസാക്കാന്‍ ശ്രമമുണ്ടായത്.
അന്ന് നഗരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. ഹോങ്കോങ് നഗര ഭരണകൂടം നിയമനിര്‍മാണത്തില്‍ നിരന്തരം പരാജയപ്പെടുന്നത് കണ്ട് ക്ഷമ നശിച്ചാണ് ചൈന നിയമം പാസാക്കാന്‍ ഒരുങ്ങുന്നത്. പ്രതിഷേധങ്ങളെ ഭയന്ന് ആര്‍ട്ടിക്കിള്‍ 23 നടപ്പാക്കാന്‍ ഹോങ്കോങ് സര്‍ക്കാര്‍ 2003-ന് ശേഷം ശ്രമം നടത്തിയിട്ടില്ല.
ഇപ്പോൾ ഈ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രകോപനം 2019 ഏപ്രിൽ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ഒരു ബിൽ ആണ്. പ്രസ്തുത ബിൽ, കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാർക്ക് ഇത് അനുഭവപ്പെട്ടത്.
കുറ്റവാളികളെ ചൈനയ്‍ക്ക് കൈമാറാനുള്ള നിയമത്തിനെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. പിന്നീട് ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമായി മാറുകയായിരുന്നു. ആറുമാസത്തിലേറെയാണ് ജനാധിപത്യ പോരാളികള്‍ തെരുവില്‍ പോരാടിയത്. വിദ്യാര്‍ഥികളായിരുന്നു പ്രക്ഷോഭത്തിന്‍റെ മുന്നണി പോരാളികള്‍.
പ്രായമായവരും കുട്ടികളും സ്ത്രീകളുമെല്ലാം തെരുവിലിറങ്ങി. ഹോങ്കോങ്ങിന് സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നും ചൈനയുടെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ചൈനയുടെ പിന്തുണയോടെ പ്രക്ഷോഭം അടിച്ചമര്‍ത്തുകയാണ് ഹോങ്കോങ് നഗര ഭരണകൂടം ചെയ്‍തത്.
ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. നേരത്തെ ഹോങ്കോങ് പ്രക്ഷോഭത്തെ യുഎസ് പിന്തുണച്ചിരുന്നു. ഹോങ്കോങ്ങിലെ ജനങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിയമം പാസാക്കിയിരുന്നു.
ചൈനയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടുന്ന അമേരിക്കയ്ക്ക് ഹോങ്കോങ് ഏറെ പ്രധാനമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ് ഹോങ്കോങ്. ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ അമേരിക്ക ഹോങ്കോങ്ങിന് ചുമത്താറില്ല. ഹോങ്കോങ്ങുമായുള്ള സ്വതന്ത്ര വ്യാപാരബന്ധം ഇല്ലാതാകുന്നത് അമേരിക്ക അനുവദിക്കില്ല.
പുതിയ ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിലെ നിയമസംവിധാനത്തെ ബാധിക്കില്ലെന്നാണ് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറയുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് കാരി ലാം പറയുന്നു. എന്നാല്‍ ചൈനയുടെ പക്ഷത്ത് നില്‍ക്കുന്ന ചീഫ് എക്സിക്യൂട്ടീവിന്‍റെ വാക്കുകള്‍ ജനങ്ങള്‍ മുഖവിലയ്‍ക്കെടുക്കുന്നില്ല. ജനാധിപത്യ അനുകൂലികള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‍തിരിക്കുകയാണ്.
വ്യാഴാഴ്‍ച ഒരു സംഘം ആളുകള്‍ ചൈന വിരുദ്ധ പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. വെള്ളിയാഴ്‍ച വന്‍ പ്രക്ഷോഭം നടത്താനാണ് ജനാധിപത്യ പോരാളികളുടെ നേതാവായ ജോഷ്വാ വാങ് ഉള്‍പ്പെെടയുളളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‍തിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവസാനിച്ച പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്നാണ് സമരകേന്ദ്രമായിരുന്ന ഹോങ്കോങ് യൂണിവേഴ്‍സിറ്റിയിലെ വിദ്യാര്‍ഥികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha