പണി പന്തില്‍ കൊടുക്കും ചൈനയ്ക്ക്; കായിക താരങ്ങളെ കൂടുതല്‍ സങ്കീര്‍ണതയിലാക്കി ബോയ്‌കോട്ട് ചൈന

ടേബിള്‍ ടെന്നീസ് പന്തുകള്‍, ഷട്ടില്‍കോക്കുകള്‍, ബാഡ്മിന്റണ്‍, ടെന്നീസ് റാക്കറ്റുകള്‍, റെസലിങ് മാറ്റുകള്‍, ജാവലിന്‍, ഹൈജമ്പ് ബാറുകള്‍, ബോക്‌സിങ് ഹെഡ്ഗാര്‍ഡുകള്‍, മൗണ്ടന്‍ ക്ലൈംബിങ് ആക്‌സസറീസ്, ജിം ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു.
എന്നാല്‍ ഇപ്പോള്‍, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉല്‍പന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതല്‍ സങ്കീര്‍ണതയിലാക്കിയിരിക്കുകയാണ്.
കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയില്‍ നിന്നുള്ളതാണ്. റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെന്ന് ടേബിള്‍ ടെന്നീസ് താരം സത്യന്‍ ജ്ഞാനശേഖരന്‍ പറയുന്നു, എന്നാല്‍ പന്തുകള്‍ നിര്‍മ്മിക്കുന്നതില്‍ ചൈന ഒരു കുത്തക പോലെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പുറമെ എല്ലാ ലോക ടൂര്‍ പരിപാടികള്‍ക്കും ഷാങ്ഹായ് ഡബിള്‍ ഹാപ്പിനെസ് (ഡിഎച്ച്എസ്) പന്തുകള്‍ വിതരണം ചെയ്യുന്നതായി അദ്ദേഹം പറയുന്നു. ''എല്ലാ ഇന്ത്യന്‍ കളിക്കാരും ഒരേ സെറ്റ് പന്തുകളിലാണ് പരിശീലനം നടത്തുന്നത്. മറ്റ് തലങ്ങളില്‍, വ്യത്യസ്ത ബ്രാന്‍ഡ് നാമങ്ങളുള്ള പന്തുകള്‍ നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ സ്റ്റിഗ (സ്വീഡന്‍) അല്ലെങ്കില്‍ സ്റ്റാഗ് (ഇന്ത്യ) എന്നിവയില്‍ നിന്ന് ഒരു സെറ്റ് വാങ്ങിയാലും അത് ചൈനയിലാണ് നിര്‍മ്മിക്കുന്നത്,'' ജ്ഞാനശേഖരന്‍ പറയുന്നു.
മറ്റ് ധാരാളം ബ്രാന്‍ഡുകള്‍ക്കും സമാനമായ അവസ്ഥയാണ്. ഇന്ത്യന്‍ ബോക്‌സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയയുടെ സ്റ്റിങ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.
അതേസമയം, ആഭ്യന്തര തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൗലി നിര്‍ദേശിക്കുന്നു. ബോക്‌സിങ് ഉപകരണങ്ങളുടെ ശക്തമായ നിര്‍മ്മാണ അടിത്തറ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് ഇന്ത്യയില്‍ മതിയായ ബിസിനസ്സ് ഉള്ളതിനാല്‍, അവര്‍ രാജ്യാന്തര ഫെഡറേഷന്റെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല. അതിനാല്‍ എലൈറ്റ് പരിശീലന കേന്ദ്രങ്ങള്‍ക്കും മികച്ച ബോക്‌സര്‍മാര്‍ക്കും നാം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യണം, ''അദ്ദേഹം പറയുന്നു.
2018-19 ലെ കണക്കു പ്രകാരം ഏകദേശം 3 കോടി രൂപയുടെ ബോക്സിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.
ഉല്‍പ്പാദന കേന്ദ്രമായ ജലന്ധറിലെ സ്പോര്‍ട്സ് ആന്‍ഡ് ടോയ്സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷനിലെ അംഗമായ പ്രാന്‍ നാഥ് ചദ്ദ പറയുന്നു, ചൈനീസ് നിര്‍മ്മാതാക്കള്‍ ''മാറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും പോലുള്ള കായിക വസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്.''
സ്പോര്‍ട്സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉല്‍പന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.
https://www.facebook.com/Malayalivartha