ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോങ് ജനതയുടെ പ്രതീകാത്മക 'വോട്ട്'

ഹോങ്കോങ് ജനാധിപത്യ വാദികള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ 'പ്രൈമറി' തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ലക്ഷക്കണക്കിന് ഹോങ്കോങ് പൗരന്മാര്‍ ചൈന ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതീകാത്മക 'വോട്ട്' ചെയ്തു.
നിയമനിര്‍മാണ (ലെജിസ്ലേറ്റിവ്) കൗണ്‍സിലിലേക്കാണ് പ്രതീകാത്മക വോട്ടെടുപ്പ് നടത്തിയത്. വരാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനായാണ് വോട്ടെടുപ്പ്. പുതിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പോലും വകവയ്ക്കാതെയാണ് ജനങ്ങള്‍ ഇതില്‍ പങ്കുചേര്‍ന്നത്!
വോട്ടെടുപ്പ് നിയമത്തെ മറികടന്നാണ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഹോങ്കോങ് ഭരണഘടനാകാര്യ മന്ത്രി എറിക് സാങ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു.
ചൈനയ്ക്കു കീഴില്‍ സ്വതന്ത്ര ഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ കൈകടത്തലിനു ഷി ചിന്‍പിങ് ഭരണകൂടത്തെ സഹായിക്കുന്ന സുരക്ഷാ നിയമം നടപ്പാക്കി രണ്ടാഴ്ച തികയുമ്പോഴാണു പ്രതിഷേധക്കാരുടെ പുതിയ നീക്കം.
https://www.facebook.com/Malayalivartha