മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു

ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ഉപരോധ സമിതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും 4 കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചു.
യുഎന്‍ രക്ഷാസമിതിയാണ് പാക്ക് ഭീകരസംഘടനകളായ ജമാഅത്തുദ്ദഅവയുടെയും ലഷ്‌കറെ തയിബയുടെയും സ്ഥാപകനായ സയീദിനെയും കൂട്ടാളികളെയും ഭീകരപട്ടികയില്‍പ്പെടുത്തി ഉപരോധമേര്‍പ്പെടുത്തിയത്.സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച രേഖകള്‍ യുഎന്‍ സമിതിക്കു മുന്‍പാകെ ഹാജരാക്കിയതിനെ തുടര്‍ന്നാണത്രേ അക്കൗണ്ടുകള്‍ മരവിച്ച നടപടി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.
ലഷ്‌കറെ അംഗങ്ങളായ മറ്റു 4 ഭീകരര്‍ക്കൊപ്പം സയീദ് ലഹോറിലെ കോട് ലഖ്പത് ജയിലിലാണ്. ഭീകരപ്രവര്‍ത്തനത്തിനു സാമ്പത്തിക സഹായം നല്‍കിയെന്ന 2 കേസുകളില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പാക്ക് ഭീകരവിരുദ്ധ കോടതി സയീദിനെ 11 വര്‍ഷം തടവിനു ശിക്ഷിച്ചത്.
2008 മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























