വിഷബാധയേറ്റ് ചികില്‍സയിലായിരുന്ന നവല്‍നി ആശുപത്രി വിട്ടു; ശരീരചലനക്ഷമത വീണ്ടെടുക്കാന്‍ ഇനി ഫിസിയോതെറപ്പി

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി (44) ആശുപത്രി വിട്ടശേഷം ആദ്യമായി പൊതുസ്ഥലത്തു പ്രത്യക്ഷപ്പെട്ടു. ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പാര്‍ക്കിലെ ബെഞ്ചിലിരിക്കുന്ന തന്റെ ഫോട്ടോ നവല്‍നി പങ്കുവച്ചു. ശരീരചലനക്ഷമത വീണ്ടെടുക്കാനായി ഫിസിയോതെറപ്പിക്കു വിധേയനാകുമെന്നു നവല്‍നി അറിയിച്ചു. അദ്ദേഹത്തിന്റെ ഇടതുകൈ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. റഷ്യയിലേക്കുള്ള മടക്കം സംബന്ധിച്ച സൂചനകളൊന്നും നവല്‍നി നല്‍കിയില്ല.
കഴിഞ്ഞ മാസം വിമാന ആംബുലന്‍സിലാണ് റഷ്യയില്‍ വിമാനത്താവളത്തില്‍ വച്ചു വിഷബാധയേറ്റ് അബോധാവസ്ഥയിലായ നവല്‍നിയെ സൈബീരിയയില്‍ നിന്നു ബെര്‍ലിനിലെ ആശുപത്രിയിലെത്തിച്ചത്.
സോവിയറ്റ് കാലഘട്ടത്തില്‍ വികസിപ്പിച്ചെടുത്ത നോവിചോക് രാസായുധമാണ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവല്‍നിക്കെതിരെ പ്രയോഗിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ജര്‍മനി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ വിഷപ്രയോഗത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന നിലപാടിലാണു റഷ്യ. 34 ദിവസമാണു നവല്‍നി ജര്‍മനിയിലെ ആശുപത്രിയില്‍ കഴിഞ്ഞത്. ഇതില്‍ 24 ദിവസവും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
https://www.facebook.com/Malayalivartha
























