താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന് മലാല യൂസഫ്‌സായ്

താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നൊബേല്‍ പുസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ്. അഫ്ഗാനിസ്ഥാനിലെ വെടിനിര്‍ത്തലിനായി അന്തരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. 'താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തുന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യവകാശപ്രവര്‍ത്തകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്ക ഉണ്ട്. വെടിനിര്‍ത്തലിനായി ആഗോള ശക്തികള്‍ ഇടപെടണം. അഫ്ഗാന്‍ ജനതയ്ക്ക് മാനുഷികമായ സഹായം ഒരുക്കണം. പൗരന്മാരെയും അഭയാര്‍ത്ഥികളെയും സംരക്ഷിക്കണം' മലാല ട്വീറ്റ് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന്‍ ആക്രമണത്തില്‍ കീഴടങ്ങി അധികാരം കൈമാറി. അഫ്ഗാന്‍ പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു. എന്നാല്‍ നഗരത്തിന്റെ നിയന്ത്രണം സര്‍ക്കാറിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ട്വിറ്റ് ചെയത്തിരുന്നു. സര്‍ക്കാരിന് ഇപ്പോള്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം ഫലപ്രദമായി നഷ്ടപ്പെട്ടു. അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു. വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























