കടം വാങ്ങാതെ വേറെ നിവർത്തിയില്ല !!! ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടി ഇമ്രാൻ ഖാൻ... ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അഞ്ച് ബില്യൺ ഡോളർ

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് വായ്പ എടുക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ. ചൈന, റഷ്യ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പാകിസ്ഥാൻ വായ്പ തേടുന്നത്. ചൈനയിൽ നിന്ന് പാക്കിസ്ഥാൻ വായ്പ തേടുന്നത് വിദേശ നാണയ ശേഖരം സ്ഥിരപ്പെടുത്താനാണ്. മൂന്ന് ബില്ല്യൺ ഡോളറിന്റെ വായ്പയാണ് ചൈനയോട് പാക്കിസ്ഥാൻ ആവശ്യപ്പെടുന്നതെന്ന റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ ചൈനയിലേക്ക് പോകും. സന്ദർശന വേളയിൽ ചൈനയുമായി മൂന്ന് ബില്ല്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഇമ്രാൻ ഖാൻ ഒപ്പിടും. ഒരു വർഷത്തെ കാലാവധിയിലാണ് കരാർ.
കൂടാതെ വിന്റർ ഒളിമ്പിക്സ്, സുരക്ഷാ വിഷയങ്ങൾ എന്നിവയും ചർച്ചചെയ്യും. കസാക്കിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് വായ്പ തേടുന്നതുമായി ബന്ധപ്പെട്ട കരാറിലും പാക്കിസ്ഥാൻ ഉടൻ ഒപ്പിടും. ഇരു രാജ്യങ്ങളിൽ നിന്നും ഒരു ബില്ല്യൺ ഡോളർ വീതമാണ് പാക്കിസ്ഥാൻ വായ്പ എടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായ മെയിൻ ലൈൻ വൺ (എംഎൽ 1) റെയിൽവേ പദ്ധതിക്കായാണ് ഈ പണം ഉപയോഗിക്കുക. അതേസമയം വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പാക്കിസ്ഥാൻ സാമ്പത്തികകാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഇസ്ലാമോഫോബിയ അംഗീകരിക്കാനാകില്ലെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ തീരുമാനത്തെ പിന്തുണച്ച് ഇമ്രാൻ ഖാൻ രംഗത്തെത്തി. ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പദ്ധതിയെ ഞാൻ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ആഹ്വാനം ഞാൻ പണ്ടേ വാദിച്ചുകൊണ്ടിരുന്ന കാര്യങ്ങളുമായി ഒന്നു ചേരുന്നു. ഈ വിപത്ത് അവസാനിപ്പിക്കാൻ നമുക്ക് കൈകോർക്കാം- ഇമ്രാൻ ഖാൻ പറഞ്ഞു.
https://www.facebook.com/Malayalivartha






















