സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പത്തില്‍ മരണം 22000 കടന്നു... അഞ്ചാം ദിവസവും പ്രതീക്ഷകളോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്

സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പത്തില്‍ മരണം 22000 കടന്നതായി റിപ്പോര്‍ട്ട്. കടുത്ത ശൈത്യമാണെങ്കിലും അഞ്ചാം ദിവസവും പ്രതീക്ഷകളോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
നിമിഷം നേരം കൊണ്ട് സര്‍വവും തകര്‍ന്നടിഞ്ഞിട്ടും തുര്‍ക്കിയില്‍ പ്രതീക്ഷകള്‍ ഇന്നും അസ്തമിച്ചിട്ടില്ല. തകര്‍ന്നടിഞ്ഞു വീണു കിടക്കുന്ന കോണ്‍ക്രീറ്റ് കൂനകള്‍ക്ക് മുന്നില്‍ ഊണും ഉറക്കവുമില്ലാതെ ശ്വാസമടക്കിപ്പിച്ച് കൊണ്ട് ഉറ്റവര്‍ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് പലരും. ഞരക്കങ്ങള്‍ക്കായി കാതോര്‍ത്ത്‌കൊണ്ട് ഈ മണിക്കൂറുകളിലും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.
കോണ്‍ക്രീറ്റ് മലക്കുള്ളിലേക്ക് ഊളിയിട്ട് ഓരോ പുതിയ ശരീരവും കൊണ്ട് അവര്‍ തിരിച്ചെത്തുമ്പോഴും, തെരുവുകളില്‍ ആരവങ്ങള്‍ ഉയരും. പുറത്തെടുത്ത ആളിന് ജീവനില്ലെന്ന് അറിയുമ്പോള്‍, അത് ബന്ധുക്കളുടെ ആര്‍ത്തനാദങ്ങളായി മാറും. മണിക്കൂറുകള്‍ക്കുള്ളില്‍ അതേ തെരുവില്‍, ജീവനോടെ മറ്റൊരാളെ പുറത്തെടുക്കും. അള്ളാഹു അക്ബര്‍ വിളികള്‍ തെരുവിനെ പ്രകമ്പനം കൊള്ളിക്കും.
സിറിയയിലും തുര്‍ക്കിയിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരില്‍ ചിലരെങ്കിലും ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലേക്ക് ആദ്യ യുഎന്‍ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്.
അതിനിടെ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലയായ അലെപ്പോ സന്ദര്‍ശിച്ചു. ഭൂകമ്പമുണ്ടായതിനു ശേഷം പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ സന്ദര്‍ശനം. അതിനിടെ ലോകബാങ്ക് തുര്‍ക്കി സിറിയ ഭൂകമ്പ പുനരുദ്ധാരണത്തിനായി ഇന്ന്, 1.78 ബില്യണ്‍ ഡോളറിന്റെ ധനസഹായം അനുവദിച്ചു. അമേരിക്കയും 85 മില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു.
ഭൂകമ്പ ശേഷമുള്ള അഞ്ചാം രാത്രിയിലും തുര്‍ക്കിയുടെ തെരുവുകളില്‍ കടുത്ത ശൈത്യമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇന്നും അന്തിയുറങ്ങാന്‍ പോവുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്. ഭൂകമ്പത്തില്‍ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കിടക്കകള്‍ക്കും കമ്പിളി പുതപ്പുകള്‍ക്കും ക്ഷാമമുണ്ട്.
https://www.facebook.com/Malayalivartha























