തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പബാധിത മേഖലകളില്‍ നിന്നു ജനങ്ങള്‍ പലായനം ആരംഭിച്ചു...

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പബാധിത മേഖലകളില്‍ നിന്നു ജനങ്ങള്‍ കയ്യില്‍ കിട്ടിയതു മാത്രമെടുത്തുകൊണ്ട് പലായനം ആരംഭിച്ചു. അതിശൈത്യത്തില്‍ തലചായ്ക്കാനായി ഒരിടമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത ദുരവസ്ഥയിലാണു കൂട്ടപലായനം നടത്തുന്നത്.
അതേസമയം, ദുരന്തത്തിന്റെ എട്ടാം ദിവസം തെക്കന്‍ തുര്‍ക്കിയിലെ ഹതായി നഗരത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയെക്കൂടി രക്ഷിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹറാമന്‍മറാഷില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ 198 മണിക്കൂര്‍ കഴിഞ്ഞ പതിനേഴുകാരന്‍ അടക്കം 2 പേര്‍ കൂടി രക്ഷപ്പെട്ടു.
അദിയാമന്‍ പ്രവിശ്യയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിയുന്ന പതിനെട്ടുകാരനായ മുഹമ്മദ് സഫറിനു ദ്രവരൂപത്തിലുള്ള ഭക്ഷണമെത്തിക്കാനായി സംഘത്തിനു കഴിഞ്ഞു. കെട്ടിടഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ തകര്‍ന്നതോടെ സഫറിനെ പുറത്തെത്തിക്കാനായി ശ്രമം തുടരുകയാണ്.
10 നഗരങ്ങളിലായി തുര്‍ക്കിയില്‍ 42,000 കെട്ടിടങ്ങളാണു തകര്‍ന്നത്. മിക്ക സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കാര്യമായ സഹായങ്ങള്‍ എത്തിയിട്ടില്ല. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 37,000 കവിഞ്ഞിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha























