ഇന്ന് ലോകം സാക്ഷിയാകുന്നത് അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന്; അമേരിക്കയെ മാന്ദ്യത്തിൽ നിന്ന് പിടിച്ച് കയറ്റുമെന്ന് സാമ്പത്തിക വിദഗ്ധർ:- കോടികളുടെ ബിസിനസ്...

ഇന്ന് ലോകം സാക്ഷിയാകുന്നത് അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ്. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. എന്നാൽ ഈ സൂര്യഗ്രഹണം അമേരിക്കയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ഇത്തവണത്തെ സൂര്യഗ്രഹണത്തിൽ അമേരിക്കയിൽ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസുകളാണ് നടക്കുക. അടുത്ത 20 വർഷത്തിനുള്ളിൽ അമേരിക്കയിൽ ഇത്രയും ദൈർഘ്യമേറിയതും വ്യക്തവുമായ സൂര്യഗ്രഹണം ഉണ്ടാകില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം. ആളുകൾ ഇത് അടുത്ത് കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്നുമുണ്ട് . കഴിഞ്ഞ രണ്ട് 2 ദിവസങ്ങളിൽ, ഡസൻ കണക്കിന് വിമാനങ്ങളാണ് അമേരിക്കയിലെ 14 നഗരങ്ങളിൽ തുടർച്ചയായി പറന്നത് .
അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകുന്ന നഗരങ്ങളിൽ എത്തിച്ചേരുന്നു. ഏറ്റവും കൂടുതൽ സമയം പകൽ ഇരുട്ടായിരിക്കാൻ പോകുന്ന നഗരങ്ങളിൽ ആളുകൾ ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്. പലരും മാസങ്ങൾക്കുമുമ്പ് ഇതിനായി ബുക്കിംഗ് നടത്തിയിരുന്നു.ആകാശത്ത് നിന്ന് സൂര്യഗ്രഹണത്തിന്റെ വിസ്മയക്കാഴ്ച കാണാൻ ലക്ഷങ്ങളാണ് ഇവർ മുടക്കുന്നത്.
ടെക്സാസ്, ഒക്ലഹോമ, മിസോറി, ഇല്ലിനോയിസ്, ഇന്ത്യാന, മിഷിഗൺ, അർക്കൻസാസ്, ടെന്നസി, കെൻ്റക്കി, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവയാണ് പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്ന അമേരിക്കയിലെ നഗരങ്ങൾ. ഈ നഗരങ്ങളിൽ ഏകദേശം നാലര മിനിറ്റ് പകൽ ഇരുട്ടിന് വഴി മാറും.
അമേരിക്കയിൽ ഏകദേശം 4 കോടി 40 ലക്ഷം ആളുകൾ സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഇവിടെ വിമാന ടിക്കറ്റുകളുടെ ആവശ്യകത 1500 ശതമാനം വർധിച്ചു. സൗത്ത് വെസ്റ്റ്, ഡെൽറ്റ തുടങ്ങിയ എയർലൈനുകൾ നിരവധി വിമാനങ്ങൾ സർവീസിനായി ഇറക്കും. പല എയർലൈൻ കമ്പനികളും നേരത്തേ തന്നെ ഇതിനായി സർക്കാരിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. പലരും ലക്ഷങ്ങൾ നൽകിയാണ് വിമാനത്തിലെ വിൻഡോ സീറ്റുകളടക്കം ഉറപ്പിച്ചത് .
ഗ്രഹണത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ വഴികൾ കണ്ടെത്താൻ നാല് മാസം മുമ്പ് ഗവേഷണം നടത്തിയ നൂറുകണക്കിന് ആളുകൾ അമേരിക്കയിലുണ്ട് . ഡെൽറ്റ എയർലൈൻസ് 2 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു, ലക്ഷങ്ങളുടെ ടിക്കറ്റുകൾ തൽക്ഷണം വിറ്റു.
അമേരിക്കയിലെ പല നഗരങ്ങളിലും ഹോട്ടൽ റൂമുകളുടെ ആവശ്യം 1200 മടങ്ങ് വർദ്ധിച്ചു. ഗ്രഹണ സ്ഥലങ്ങൾക്കായി ഗതാഗത കമ്പനികൾ പ്രത്യേക പാക്കേജുകൾ പുറത്തിറക്കിയിട്ടുണ്ട്. പല കമ്പനികളും സോളാർ എക്ലിപ്സ് പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേക സജ്ജീകരണങ്ങളൊരുക്കി സൂര്യഗ്രഹണം കാണാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ശാസ്ത്രജ്ഞരും വിദഗ്ധരും ക്ലബ്ബിൽ സോളാർ പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.
പ്രവേശനത്തിന് 20 ഡോളർ ഈടാക്കിയിരുന്ന ക്ലബ്ബുകൾ ഇപ്പോൾ 325 ഡോളറാണ് ഈടാക്കുന്നത്. ഐഎസ്ഒ സർട്ടിഫൈഡ് കണ്ണടകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചു. പല വെബ്‌സൈറ്റുകളിലും, 3 ഡോളർ കണ്ണടകൾ 16 ഡോളറിന് വിൽക്കുന്നു. 1.4 ബില്യൺ ഡോളറിന്റെ ബിസിനസ് ടെക്‌സാസിൽ മാത്രം പ്രതീക്ഷിക്കുന്നു. 230 മില്യൺ ഡോളർ വരെ മൂല്യമുള്ള ബിസിനസ്സ് വെർമോണ്ടിൽ നടക്കും
ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നു പോകുന്ന സമയത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് പൂര്‍ണ ഗ്രഹണം കാണാനാകുന്ന രാജ്യങ്ങളില്‍ സൂര്യൻ പൂര്‍ണമായി മറയുന്നു. ഈ സമയത്ത്, നേരം പുലരുമ്പോഴും ഇരുളുമ്പോഴും സംഭവിക്കുന്നതു പോലെ ആകാശം കാണപ്പെടും. ആകാശം മേഘാവൃതമല്ലെങ്കില്‍ ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്റെ കൊറോണ അല്ലെങ്കില്‍ പുറമെയുള്ള മണ്ഡലം ദൃശ്യമാകും. സൂര്യപ്രഭ മൂലം ഇത് സാധാരണ സമയത്ത് കാണാനാവില്ല. പൂര്‍ണ ഗ്രഹണം നീണ്ടു നില്‍ക്കുക 4 മിനിറ്റും 27 സെക്കന്‍ഡും മാത്രമായിരിക്കും.
വിദേശ മലയാളികള്‍ അടക്കം ഇത് വീക്ഷിക്കാനിടയുള്ളവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. അതിനാല്‍ ഇത് നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സന്ദര്‍ഭത്തിനായി ഉണ്ടാക്കിയ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
.
https://www.facebook.com/Malayalivartha


























