എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

എഐയുടെ സഹായത്തോടെ ഹൈക്കിംഗ് യാത്ര ആസൂത്രണം ചെയ്ത 16കാരന്‍ അപകടകരമായ മലഞ്ചെരുവില്‍ കുടുങ്ങി. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ക്രൗണ്‍ മൗണ്ടനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലോഡ് എഐയുടെ സഹായത്തോടെ യാത്ര ആസൂത്രണം ചെയ്ത ബ്രൈസ് വിന്‍സെന്റ് ഗൗറിലുക്കെന്ന കൗമാരക്കാരനാണ് വഴിതെറ്റി പാറക്കെട്ടില്‍ അകപ്പെട്ടത്.
ഗ്രൗസ് മൗണ്ടനില്‍നിന്ന് ക്രൗണ്‍ മൗണ്ടനിലേക്ക് യാത്രതിരിച്ച കൗമാരക്കാരന്‍ വഴിതെറ്റി 'വിഡോമേക്കര്‍' എന്നറിയപ്പെടുന്ന അപകടകരമായ പാതയിലെത്തുകയായിരുന്നു. ഏഴ് മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള ദുഷ്‌കരമായ യാത്രയായിരുന്നു ഇത്. മുന്നോട്ടുപോകാനോ സുരക്ഷിതമായി മടങ്ങാനോ കഴിയാതെ പാറയിടുക്കില്‍ കുടുങ്ങിയതോടെ കുട്ടി പൊലീസിന്റെ സഹായം തേടി. തുടര്‍ന്ന് നോര്‍ത്ത് ഷോര്‍ റെസ്‌ക്യു സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുര്‍ഘടമായ ഭൂപ്രകൃതി കാരണം കുട്ടി കുടുങ്ങിയ ഭാഗത്ത് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകള്‍ റോപ് കെട്ടി താഴേക്കിറങ്ങി കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കുട്ടിയെ ഹെലികോപ്റ്ററില്‍ സുരക്ഷിതമായി എത്തിച്ചത്.
യാത്ര പ്ലാന്‍ ചെയ്യുന്നതിനായി ക്ലോഡ് എഐയ്‌ക്കൊപ്പം ഗൂഗിള്‍ മാപ്പും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചിരുന്നതായി കൗമാരക്കാരന്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദുര്‍ഘടമായ മലമ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ എഐ നല്‍കുന്ന നിര്‍ദേശങ്ങളെ മാത്രം ആശ്രയിക്കരുതെന്ന് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha

























