ക്രിസ്തുവിനെക്കുറിച്ചുള്ള ആ ചുരുള്‍ അസത്യമാകുന്നു

ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയ 'പാപ്പിറസ്' 'ദി അറ്റ്‌ലാന്റിക്' മാഗസിന്റെ ലേഖകന്‍ ഏരിയല്‍ സാബെര്‍ ആ ചുരുളിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്.
'ക്രിസ്തുവിന്റെ ഭാര്യയുടെ സുവിശേഷം' എന്ന പേരില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ഹാവാര്‍ഡ് ഡിവൈനിറ്റി സ്‌കൂളിലെ കാരെന്‍ എല്‍.കിങ് ആണ് ആദ്യമായി ലോകത്തിനു മുന്നിലേക്ക് പാപ്പിറസ് ചുരുള്‍ എത്തിക്കുന്നത്. 2012 സെപ്റ്റംബറിലായിരുന്നു അത്. ഒരു വിസിറ്റിങ് കാര്‍ഡിനോളം പോന്ന അപൂര്‍ണമായ എഴുത്തോടു കൂടിയ ചുരുളായിരുന്നു അത്. ആകെയുള്ളത് 14 വരികളിലായി 33 വാക്കുകള്‍ മാത്രം. ക്രിസ്തു ശിഷ്യന്മാരോട് സംസാരിക്കുന്ന രീതിയിലായിരുന്നു ആ വാക്കുകള്‍. പുരാതന ഈജിപ്തില്‍ പ്രചാരത്തിലുണ്ടായിരുന്ന 'കൊപ്റ്റിക് ' ഭാഷയിലായിരുന്നു എഴുത്ത്. അവയില്‍ നിന്ന് jesus said to them,my wife എന്ന വാചകമാണ് തന്റെ പ്രബന്ധത്തിനുള്ള തെളിവായി കാരെന്‍ അവതരിപ്പിച്ചത്.
2012 മുതല്‍ക്കു തന്നെ വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഈ 'കണ്ടെത്തല്‍' വഴിതെളിച്ചത്. വത്തിക്കാന്‍ ആദ്യമേ തന്നെ ഇത് തട്ടിപ്പാണെന്നു പ്രഖ്യാപിച്ചു. ഒരിക്കല്‍ പോലും ഈ ചുരുള്‍ എവിടെ നിന്നാണു ലഭിച്ചതെന്നു സംബന്ധിച്ച് കാരെന്‍ യാതൊരു സൂചനയും നല്‍കിയതുമില്ല. മാത്രവുമല്ല കാര്‍ബണ്‍ േഡറ്റിങ്, മള്‍ട്ടി സ്‌പെക്ട്രല്‍ ഇമേജിങ് കൂടാതെ മറ്റു ലാബ് പരിശോധനകളും പൂര്‍ത്തിയാക്കി അതിന്റെ ഫലവും കാരെന്‍ പ്രസിദ്ധപ്പെടുത്തി. പാപ്പിറസ് ചുരുളും അതില്‍ എഴുതാനുപയോഗിച്ചിരിക്കുന്ന മഷിയുമെല്ലാം 1300 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നായിരുന്നു കണ്ടെത്തല്‍. ചുരുളിന്റെ ഓരോ ഇഞ്ചും പരിശോധിച്ചവരും അക്കാര്യം ശരിവച്ചു.
എന്നാല്‍ പഴക്കമുള്ള പാപ്പിറസ് ചുരുളും പുരാതന കാലത്തെ മഷിയുമെല്ലാം പുരാവസ്തു മേഖലയില്‍ വിദഗ്ധനായ ഒരാള്‍ക്ക് എളുപ്പത്തില്‍ ലഭിക്കാമെന്നിരിക്കെ പിന്നീട് എല്ലാവരുടെയും അന്വേഷണം ഇതിന്റെ ഉടമസ്ഥനെപ്പറ്റിയായിരുന്നു. മാത്രവുമല്ല കൊപ്റ്റിക് ഭാഷയിലെ ചില വ്യാകരണ പ്രശ്‌നങ്ങളും ഈ ചുരുളെഴുത്തിലുണ്ടായിരുന്നു. 'തോമസിന്റെ സുവിശേഷം' എന്ന ചുരുളുകളില്‍ കണ്ടതിനു സമാനമായ വാക്കുകളായിരുന്നു കാരെന്റെ പാപ്പിറസിലുമുണ്ടായിരുന്നത്. രസകരമായത് അതൊന്നുമല്ല, തോമസിന്റെ സുവിശേഷത്തിലുണ്ടായിരുന്ന 'കൊപ്റ്റിക്' ലിപിയിലെ ചില എഴുത്തുപിശകുകള്‍ പോലും അതേപടി 'ക്രിസ്തുവിന്റെ ഭാര്യയുടെ സുവിഷേ'ത്തിലുമുണ്ടായിരുന്നു! ഇതിന്റെയെല്ലാം ചുവടുപിടിച്ച് ചുരുളുകളുടെ ഉടമയെ അന്വേഷിക്കാനിറങ്ങിയ ഏരിയല്‍ സാബെര്‍ തന്റെ റിപ്പോര്‍ട്ട് 'ദി അറ്റ്‌ലാന്റിക്കി'ന്റെ പുതിയ പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള വില്യം ഫ്രിറ്റ്‌സ് എന്നയാളാണ് ഇതിനു പിന്നിലെന്നായിരുന്നു കണ്ടെത്തല്‍. തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഹാന്‍സ്ഉല്‍റി ലൊകാംപില്‍ നിന്നു വാങ്ങിയതാണ് ചുരുളെന്നായിരുന്നു കക്ഷിയുടെ ആദ്യവാദം. പക്ഷേ ലൊകാംപ് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരോട് സംസാരിച്ചപ്പോള്‍ പാപ്പിറസ് ചുരുളുകളെന്നല്ല യാതൊരു വിധ പുരാതന വസ്തുക്കളിലും ലൊകാംപിനു താല്‍പര്യമുണ്ടായിരുന്നില്ലെന്നാണറിഞ്ഞത്. ലൊകാംപ് 1963ല്‍ ജര്‍മനിയില്‍ നിന്നു വാങ്ങിയ ചുരുളുകളുടെ കൂട്ടത്തിലുള്ളതാണ് ഇതെന്ന വാദവും തെറ്റെന്നു തെളിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബെര്‍ലിനിലെ ഈജിപ്‌റ്റോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 'കൊപ്റ്റിക്' ഭാഷയില്‍ വര്‍ഷങ്ങളോളം പഠനം നടത്തിയയാളാണ് ഫ്രിറ്റ്‌സ് എന്നു കണ്ടെത്തി. മാത്രവുമല്ല പുരാതന കാലത്തെ വസ്തുക്കള്‍ വില്‍ക്കാനായി ഫ്രിറ്റ്‌സ് ഒരുക്കിയ െവബ്‌സൈറ്റിലെ പല സംഗതികളും വ്യാജമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 'പോണ്‍' വ്യവസായത്തില്‍ ഉള്‍പ്പെടെ ഒരു കൈ നോക്കിയിട്ടുള്ള കക്ഷിയാണ് ഫ്രിറ്റ്‌സ് എന്ന സാബെറിന്റെ റിപ്പോര്‍ട്ട് വന്നതോടെ കാരെന്‍ എല്‍.കിങ്ങും തന്റെ മനസ്സു മാറ്റി.
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കാരെനോട് ഫ്രിറ്റ്‌സ് പറഞ്ഞതിലേറെയും നുണയായിരുന്നുവെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു കാരെന്റെ മനസ്സുമാറ്റം. തന്റെ കയ്യിലിരിക്കുന്ന പാപ്പിറസ് ചുരുള്‍ ഒരു 'രാജ്യാന്തര തട്ടിപ്പാ'ണെന്നു വിശ്വസിക്കാനാണ് ഇപ്പോള്‍ തനിക്കിഷ്ടമെന്നാണ് കാരെന്‍ 'ദി അറ്റ്‌ലാന്റിക്കി'ലെ ലേഖനത്തിലെഴുതിയത്. പക്ഷേ ശാസ്ത്രീയമായ ഒരു തെളിവ് ലഭിക്കുന്നതുവരെയോ അല്ലെങ്കില്‍ ഫ്രിറ്റ്‌സിന്റെ കുറ്റസമ്മത മൊഴി ലഭിക്കുന്നതു വരെയോ ചുരുള്‍ സംബന്ധിച്ച അല്‍പം വിശ്വാസം ബാക്കിയുണ്ടാകുമെന്നും കാരെന്‍ എഴുതുന്നു.
ഒരു വലിയ തെറ്റിദ്ധാരണയില്‍ നിന്നു വ്യക്തത നല്‍കിയതിന് ഹാവാര്‍ഡ് ഡിവൈനിറ്റി സ്‌കൂളും ഗവേഷകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും മറ്റു വിദഗ്ധര്‍ക്കും തങ്ങളുടെ നന്ദി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫ്രിറ്റ്‌സിന്റെ മറുപടി എന്തായിരിക്കുമെന്നാണിപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. എന്തായാലും ഒരുപക്ഷേ അത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടാം, അല്ലെങ്കില്‍ എല്ലാ വിവാദങ്ങളെയും തുടച്ചു നീക്കിയേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























