യുഎസ് ജനപ്രതിനിധി സഭയില്‍ കുത്തിയിരിപ്പു സമരം

തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചു. ഭൂരിപക്ഷ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാരനായ സ്പീക്കര്‍ പോള്‍ റയന്‍ സഭ ജൂലൈ അഞ്ചുവരെ നിര്‍ത്തിവച്ചെങ്കിലും ഒരു ഡസനിലധികം ഡെമോക്രാറ്റുകള്‍ സഭ വിട്ടുപോകാന്‍ വിസമ്മതിച്ച് 22 മണിക്കൂറിനുശേഷവും സമരം തുടരുകയാണ്.
ജനപ്രതിനിധി സഭയിലെ കാമറകള്‍ ഓഫാക്കി സമരദൃശ്യങ്ങള്‍ പുറത്തുപോകുന്നത് സപീക്കര്‍ തടഞ്ഞു. എന്നാല്‍ സഭയ്ക്കുള്ളില്‍ ഇരിപ്പുറപ്പിച്ച അംഗങ്ങള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്തു.
49പേര്‍ കൊല്ലപ്പെട്ട ഒര്‍ലാന്‍ഡോ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.തോക്കുവാങ്ങുന്നയാളുടെ പശ്ചാത്തലം സംബന്ധിച്ച പരിശോധന വിപുലമാക്കണമെന്നും ഭീകരരെന്നു സംശയിക്കുന്നവര്‍ക്ക് തോക്ക് ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോണ്‍ ലൂയിസാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പബ്‌ളിസിറ്റിക്കുവേണ്ടിയുള്ള ഡെമോക്രാറ്റുകളുടെ ചെപ്പടിവിദ്യയാണിതെന്നു റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചു. ഡെമോക്രാറ്റുകളുടെ ആവശ്യത്തിനു വഴങ്ങുന്ന പ്രശ്‌നമില്ലെന്നും തോക്കുടമകളുടെ ഭരണഘടനാപരമായ അവകാശം എടുത്തുകളയുന്ന ഒരു ബില്ലും പരിഗണനയ്‌ക്കെടുക്കില്ലെന്നും സ്പീക്കര്‍ റയന്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























