പതിമൂന്ന് കിലോ ഭാരമുള്ള ഭീമന്‍ കിഡ്‌നികള്‍ നീക്കം ചെയ്തു

സയീദിന് ആശ്വാസവും ഒപ്പം സന്തോഷവും.അഹമ്മദ് സയീദിന്റെ വൃക്കകള്‍ ലോകറിക്കാര്‍ഡിലേയ്ക്ക് നുഴഞ്ഞുകയറുന്നു! ദുബായിലെ ഒരാശുപത്രിയില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത വൃക്കകളുടെ ഭാരം, വലിപ്പം വമ്പന്‍ തണ്ണിമത്തന്റേത്.
56 കാരനായ സയീദ് താനൊരു പെരുവയറനായിപ്പോയി എന്നുകരുതി ഉള്ളിലുള്ളത് രണ്ടു ഭീമന്‍ വൃക്കകളാണെന്നറിയാതെ ജീവിതം തള്ളിനീക്കുകയായിരുന്നു. വയറുവേദന കലശലായതോടെ ഈ അതിസമ്പന്നന്‍ ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനയില്‍ 13 കിലോ ഭാരമുള്ള വൃക്കദ്വയമാണ് വയറുവേദനയ്ക്കു കാരണമെന്നു കണ്ടെത്തിയ ഡോക്ടര്‍മാര്‍ അമ്പരന്നു.
ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുന്നതാണെന്ന് ദുബായ് ഹോസ്പിറ്റല്‍ മേധാവി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ജാസ്മി വെളിപ്പെടുത്തി. സാധാരണ പുരുഷന്മാരുടെ ഇരു വൃക്കകളുടെയും മൊത്തം ഭാരം 125 ഗ്രാം മുതല്‍ 170 ഗ്രാം വരെ മാത്രമാണ്. സ്ത്രീകളുടേത് ഏറിയാല്‍ ഭാരം 155 ഗ്രാം. ഇക്കാരണത്താലാണ് സയിദിന്റെ കിടിലന്‍ കിഡ്‌നികള്‍ ലോക റിക്കാര്‍ഡുകളുടെ ചരിത്രത്തിലും അധ്യായമെഴുതുന്നത്.
കിഡ്‌നികള്‍ നീക്കം ചെയ്യപ്പെട്ട സയീദ് ഇപ്പോള്‍ വൃക്കരഹിതനെങ്കിലും ഡയാലിസിസിലൂടെ പൂര്‍വസ്ഥിതിയിലെത്തി. കുടവയറും പമ്പകടന്നു. ഭീമന്മാരുടെ സ്ഥാനത്ത് രണ്ടു സാധാരണ കുഞ്ഞന്‍ കിഡ്‌നികള്‍ ഫിറ്റുചെയ്യാന്‍ അമേരിക്കയിലേയ്ക്ക് പോകാന്‍ ഭാണ്ഡം മുറുക്കുകയാണ് ഈ ദുബായ് കോടീശ്വരന്‍. ചരിത്രത്തിലെ നീക്കം ചെയ്യപ്പെട്ട ഏറ്റവും വലിയ വൃക്കകളുടെ ഭാരം വെറും 2.6 കിലോയാണെന്ന് ഗിന്നസ് റിക്കാര്‍ഡിലുണ്ട്. തന്റെ കിഡ്‌നികളുടെ റിക്കാര്‍ഡ് ഇക്കണക്കിന് നൂറ്റാണ്ടുകളോളം അജയ്യമായി നിലനില്‍ക്കുമെന്ന് വൃക്കകളുടെ കാര്യത്തിലും കുബേരനായ സയീദിന് പെരുത്ത് അഭിമാനം.
https://www.facebook.com/Malayalivartha


























