അമേരിക്കക്കു പാരീസ് ഉടമ്പടിയിലേക്ക് തിരിച്ചുവരാൻ ഇനിയും അവസരമുണ്ടെന്ന് യു.എൻ

പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്ക് തിരികെ വരാൻ അമേരിക്കയ്ക്ക് ഇനിയും അവസരമുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് പറഞ്ഞു. ചരിത്രപരമായ കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം അമേരിക്ക നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറാൻ അമേരിക്ക ഉദ്ദേശിക്കുന്നുണ്ടെന്ന് കാണിച്ച് അറിയിപ്പ് ലഭിച്ചതായി ഗുട്ടെരസിന്റെ വക്താവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലിയാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.
തിരികെ ഉടമ്പടിയിൽ ചേരാൻ അനുകൂലമായ ഘടകങ്ങളില്ലെങ്കിൽ കരാറിൽ നിന്ന് പിന്മാറാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്നും യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. ഉടമ്പടിയിലേക്ക് തിരിച്ചുവരാനുള്ള അമേരിക്കയുടെ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നതായും ഡുജാറിക് അറിയിച്ചു.
പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് രണ്ടുമാസം പിന്നിടുമ്പോഴാണ് യു.എൻ പുതിയ അറിയിപ്പ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























